സ്കൂളുകളിൽ ഉത്സവമേളം
1298983
Wednesday, May 31, 2023 10:43 PM IST
പത്തനംതിട്ട: പൊതുവിദ്യാലയങ്ങളും അൺഎയ്ഡഡ് മേഖലയും ഇന്ന് ഉത്സവമേളം.
കുരുന്നുകളുടെ വരവിൽ പുതുമകളേറെ സൃഷ്ടിക്കാനുള്ള തയാറെടുപ്പാണ് പ്രവേശനോത്സവം. സ്കൂൾ അന്തരീക്ഷം അടിപൊളിയാണെന്നു നവാഗതർക്ക് അനുഭവപ്പെടാനുള്ള ഒരുക്കങ്ങളാണ് എല്ലായിടത്തും നടക്കുന്നത്. ചിത്രങ്ങളും വർണബലൂണുകളും കിരീടവും തൊപ്പിയും അലങ്കാരങ്ങളും മധുരവിതരണവുമെല്ലാം സ്കൂൾ അന്തരീക്ഷത്തെ ഇന്ന് ആഹ്ലാദഭരിതമാക്കും.
ജില്ലയിലെ 730 പൊതുവിദ്യാലങ്ങളും അൺഎയ്ഡഡ് മേഖലയിലെ നൂറുകണക്കിനു വിദ്യാലയങ്ങളുമാണ് മധ്യവേനൽ അവധിക്കു ശേഷം ഇന്നു തുറക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തിലാണ് പ്രവേശനോത്സവ പരിപാടികൾ. പരിമിതികളും ബുദ്ധിമുട്ടുകളും പൊതുവിദ്യാഭ്യാസ മേഖലയിൽനിന്നു വിട്ടുമാറിയിട്ടില്ലെങ്കിലും പരമാവധി സൗകര്യങ്ങളോടെ സ്കൂളുകളിൽ അധ്യയനം പുനരാരംഭിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
വിദ്യാവാഹൻ
സ്കൂൾ വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മോട്ടോർ വാഹനവകുപ്പ് ഇക്കുറി പതിവിൽ കവിഞ്ഞ ശ്രദ്ധ നൽകിയിട്ടുണ്ട്. 80 ശതമാനത്തിലധികം സ്കൂൾ വാഹനങ്ങളും ഫിറ്റ്നസ് പരിശോധനയ്ക്കു വിധേയമായി കഴിഞ്ഞു. സ്കൂൾ ബസ് ഡ്രൈവർമാർക്കു പരിശീലനവും നൽകിയിട്ടുണ്ട്. റോഡ് സുരക്ഷ, സൈക്കോളജി, വിമുക്തി വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് താലൂക്ക് അടിസ്ഥാനത്തിൽ പരിശീലനം നൽകിയത്. സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യാൻ കഴിയുന്ന വിദ്യാവാഹൻ മൊബൈൽ ആപ് വികസിപ്പിച്ചെടുത്തു രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഇടയിൽ പ്രചരിപ്പിച്ചിട്ടുണ്ട്.
സ്കൂൾ കെട്ടിടങ്ങൾ ഫിറ്റ്
പൊതുവിദ്യാലയങ്ങളുടെ സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും കർശന നടപടികളാണ് സ്വീകരിച്ചത്. പ്രവർത്തനക്ഷമമായ കെട്ടിടങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന എൻജിനിയർമാർ പരിശോധിച്ചു സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. സർട്ടിഫിക്കറ്റ് സ്വന്തമാക്കിയവർക്കു മാത്രമേ ഇന്നു മുതൽ ക്ലാസുകൾ തുടങ്ങാനാകൂവെന്നാണ് അറിയിപ്പ്. സർട്ടിഫിക്കറ്റ് ഓൺലൈനായി വിദ്യാഭ്യാസ വകുപ്പിലേക്കു ലഭ്യമാക്കുകയും വേണം.
ആരോഗ്യവും പ്രധാനം
കുട്ടികളുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തിയുള്ള നിർദേശങ്ങളും ആദ്യദിനം മുതൽക്കേ നടപ്പാക്കും. കിണറുകളിലെ വെള്ളം പരിശോധിച്ചു സർട്ടിഫിക്കറ്റ് വാങ്ങണം. സ്കൂളും പരിസരവും വൃത്തിയായിരിക്കണം. അടുക്കള, ശൗചാലയം എന്നിവിടങ്ങളിൽ ശുചിത്വം ഉറപ്പാക്കാനും നിർദേശിച്ചു. ഭക്ഷണം പാചകം ചെയ്യുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ജീവനക്കാർ സ്കൂൾ പരിശോധനയ്ക്ക് എത്തും.
ആദ്യദിനം മുതൽക്കേ ഉച്ചഭക്ഷണം
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഉച്ചഭക്ഷണം ആദ്യദിനം മുതൽക്കേ നൽകണമെന്നാണ് നിർദേശം. ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ കീഴിലുള്ളത്. സർക്കാർ പ്രീ പ്രൈമറി കുട്ടികൾക്കും ഇതു ലഭ്യമാകും. കുട്ടികൾക്കു ഭക്ഷണ ആവശ്യത്തിനാവശ്യമായ അരി നേരത്തെതന്നെ സ്കൂളുകളിലേക്ക് എത്തിച്ചിട്ടുണ്ട്. എന്നാൽ, സിവിൽ സപ്ലൈസ് കോർപറേഷനിലെ ചില മാവേലി സ്റ്റോറുകളിൽ സ്റ്റോക്കുകളിലുണ്ടായ കുറവു കാരണം അരി വിതരണം പൂർണമായിട്ടില്ലെന്നു പറയുന്നു.
പുസ്തകവും യൂണിഫോമും
സ്കൂളുകളിലേക്ക് പുസ്തകവും യൂണിഫോമും ഇത്തവണ നേരത്തെ എത്തിച്ചിരുന്നു. പുസ്തകത്തിന്റെ ഓർഡർ നേരത്തെ സ്വീകരിച്ചിരുന്നതിനാൽ അവധിക്കാലത്തുതന്നെ വിതരണം നടത്തിയിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. എന്നാൽ കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് പുസ്തകം പലേടത്തും ഇനി വേണ്ടിവരും. പ്രൈമറി ക്ലാസുകളിലെ ചില പുസ്തകങ്ങൾ ഇനി വരാനുമുണ്ട്.
പ്രീ പ്രൈമറി മുതൽ എട്ടാംക്ലാസ് വരെ കുട്ടികൾക്കു പാഠപുസ്തകം സൗജന്യമാണ്. യൂണിഫോം തുണിയും രണ്ടാഴ്ച മുന്പുതന്നെ സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ, ഇതു തയ്ച്ചു ലഭിക്കാനുണ്ടായ കാലതാമസമാണ് പലേടത്തും നേരിടുന്ന പ്രതിസന്ധി.
സർക്കാർ, എയ്ഡഡ് വേർതിരിവ്
പൊതുവിദ്യാലയങ്ങളെന്ന പരിഗണന ഉള്ളപ്പോൾതന്നെ സർക്കാർ ആനുകൂല്യങ്ങിൽ എയ്ഡഡ് വിദ്യാലയങ്ങളെ മാറ്റിനിർത്തുകയാണ്. പ്രവേശനോത്സവത്തിനുള്ള ഗ്രാന്റു പോലും എയ്ഡഡ് വിദ്യാലയങ്ങൾക്കു ലഭിക്കാറില്ല. സർക്കാർ വിദ്യാലയങ്ങൾക്ക് 1,000 രൂപയാണ് നൽകുന്നത്. അധ്യയന വർഷാവസാനമായിരിക്കും ഇതു നൽകുക. എയ്ഡഡ് മേഖലയിൽ ഇതു നൽകാറേ ഇല്ല.
പ്രീ പ്രൈമറി കുട്ടികൾക്കുള്ള ഉച്ചഭക്ഷണം, യൂണിഫോം, പുസ്തകം ഇവയൊന്നും ലഭിക്കില്ല. അധ്യാപകർ സ്വന്തം നിലയിലോ മാനേജ്മെന്റുകളുടെ സഹായത്താലോ ആണ് ഇവ ക്രമീകരിക്കുന്നത്. പ്രീ പ്രൈമറി അധ്യാപകർക്കുള്ള വേതനവും എയ്ഡഡ് സ്കൂളുകൾക്കില്ല.
അധ്യാപക ഒഴിവ്
സർക്കാർ സ്കൂളുകളിൽ വിരമിക്കൽ കണക്കാക്കി ഒഴിവുകൾ നികത്താൻ ഇന്നുതന്നെ പ്രഥമാധ്യാപകർ റിപ്പോർട്ടു നൽകും. പുതിയ ആൾ എത്തുന്നതുവരെ താത്കാലിക അധ്യാപകരെ നിയമിക്കാനുമാകും. എയ്ഡഡ് മേഖലയിൽ തസ്തിക നിർണയം നടന്നെങ്കിൽ മാത്രമേ നിയമനം നടക്കുകയുള്ളൂ. അൺ ഇക്കണോമിക് വിഭാഗത്തിൽപെട്ട വിദ്യാലയങ്ങളിൽ നിയമനമേ ഇല്ല. ഇതോടെ താത്കാലിക അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിച്ചാണ് ക്ലാസുകൾ മുന്നോട്ടു കൊണ്ടുപോകുന്നത്.
പ്രവേശനം ഉത്സവമാക്കാൻ ...
"മിന്നാമിനുങ്ങിനെ പിടിക്കലല്ലേ ജീവിതം,
സൂര്യനെ പിടിക്കണം
പിടിച്ചു സ്വന്തമാക്കണം
കുഞ്ഞാറ്റക്കിളികളെ
വരൂ വസന്തകാലമായി
പാടിയാടി പാഠമൊക്കെ നേടിടാം ... "
മുരുകൻ കാട്ടാക്കടയുടെ ഈ വരികൾക്ക് അകന്പടിയായി കുരുന്നുകൾ ഇന്നു വിദ്യാലയ മുറ്റത്തേക്ക് പിച്ചവയ്ക്കും.
പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾതലം വരെ ഇന്നു വിദ്യാലയങ്ങളിൽ പ്രവേശനോത്സവദിനമാണ്. പുതുതായി സ്കൂളുകളിലേക്കെത്തുന്നവരെ വരവേൽക്കുന്നതിനൊപ്പം അവധി കഴിഞ്ഞെത്തുന്നവർക്കും ഇതിൽ പങ്കാളികളാകാം. അൺ എയ്ഡഡ് വിദ്യാലയങ്ങളും പ്രത്യേക പരിപാടികളോടെയാകും കുട്ടികളെ വരവേൽക്കുക. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവത്കരണ ക്ലാസുകൾക്കാണ് അൺഎയ്ഡഡ് വിദ്യാലയങ്ങൾ പ്രാധാന്യം നൽകിയിരിക്കുന്നത്.
സ്വകാര്യബസുകളിൽ ഇന്നു സൗജന്യയാത്ര
ഇന്നു സ്കൂളുകളിൽ പ്രവേശനോത്സവത്തിനെത്തുന്ന മുഴുവൻ കുട്ടികൾക്കും ജില്ലയിലെ സ്വകാര്യ ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചിരിക്കുകയാണെന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ അറിയിച്ചു.
വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം സംഘടന ശക്തമായി ഉന്നയിക്കുന്നതിനിടെയാണ് സ്കൂൾ തുറക്കുന്ന ഇന്നു പൂർണ സൗജന്യം അനുവദിക്കാനുള്ള തീരുമാനം.
പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കായിരിക്കും സൗജന്യ യാത്ര അനുവദിക്കുകയെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. ഷാജി കുമാർ, സെക്രട്ടറി ലാലു മാത്യു എന്നിവർ പറഞ്ഞു.