അത്ഭുത കാഴ്ചകളൊരുക്കി എണ്ണൂറാംവയല് സ്കൂള്
1298690
Wednesday, May 31, 2023 3:36 AM IST
വെച്ചൂച്ചിറ: അന്യഗ്രഹ ജീവികള്, പറക്കും തളികകള്, സ്പേസ് ഷിപ്പുകള്, ആകാശ ഗോളങ്ങള് .. വെച്ചൂച്ചിറ എണ്ണൂറാംവയല് സിഎംഎസ് എല്പി സ്കൂള് അന്തരീക്ഷം ഇക്കുറി കുട്ടികള്ക്ക് പുതുമകളേറെ സമ്മാനിക്കും.
അത്ഭുത കാഴ്ചയും പുതിയ അനുഭവവുമായി സ്കൂളിലെ ക്ലാസ് മുറികള് അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. ആകാശ കാഴ്ചകള്ക്കൊപ്പം നിര്മിത ബുദ്ധിയുടെ സാധ്യതകളും കുട്ടികള്ക്കു പരിചയപ്പെടുത്തുന്നുണ്ട്.
ഒരു കെട്ടിടമാകെ കായലിന്റെ രൂപത്തില് ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. കായല് തീരത്തു നിരനിരയായി നിറഞ്ഞു നില്ക്കുന്ന തെങ്ങുകളും കായലോര കാഴ്ചകളും കൂടി ചേരുമ്പോള് സ്വാഭാവികത നഷ്ടപ്പെടാത്ത ദൃശ്യങ്ങള് കണ്മുമ്പിലെത്തും. മറ്റൊരു കെട്ടിടത്തിലാകട്ടെ വനത്തിലൂടെയുള്ള യാത്രയാണ് ഒരുക്കിയിട്ടുള്ളത്. കാനനപാതയിലൂടെ പോകുന്ന സ്കൂള് വാഹനവും കാര്ട്ടൂണ് തീവണ്ടിയും സഞ്ചരിക്കുമ്പോള് കാണുന്ന കാഴ്ചകളാണ് കുട്ടികള്ക്കായി ഒരുക്കിയിരിക്കുന്നത്.
വിദ്യാലയ കെട്ടിടത്തിന്റെ പുറത്തുള്ള കാര്ട്ടൂണ് കഥാപാത്രങ്ങളാണ് കുട്ടികളെ ക്ലാസിലേക്ക് ആനയിക്കുക. ആനയും കടുവയും ജിറാഫും മാനും മയിലുമൊക്ക ജീവന് തുടിക്കുന്ന ചിത്രങ്ങളായി ഭിത്തികളില് നിറഞ്ഞു നില്ക്കുന്നു.
വിദ്യാലയത്തിന്റെ മറ്റൊരു കെട്ടിടം അക്വേറിയമായി രൂപപ്പെടുത്തിയിട്ടുണ്ട്. മത്സ്യങ്ങളും കടല് ജീവികളും കടലിന്റെ അടിത്തട്ടിലെ വര്ണക്കാഴ്ചകളും കുട്ടികള്ക്ക് ആസ്വാദ്യകരമായ അനുഭവമാണ്. കൂടാതെ ഇംഗ്ലീഷ് ലാംഗ്വേജ് ലാബും പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്.
സ്കൂളിലെ അധ്യാപകനായ എം.ജെ. ബിബിനാണ് ചിത്രങ്ങള് വരച്ചത്. അജീഷ് പാമ്പാടി, മഞ്ജു ചാമംപതാല് എന്നിവരും വിദ്യാലയം ഒരുക്കുന്നതിനു പിന്നില് പ്രവര്ത്തിച്ചു. പ്രവേശനോത്സവ ദിനത്തില് കുട്ടികളെ വിസ്മയിപ്പിക്കുന്ന ഒട്ടേറെ പരിപാടികളാണ് സ്കൂളിലൊരുക്കിയിരിക്കുന്നതെന്ന് പ്രഥമാധ്യാപകന് സാബു പുല്ലാട്ട് പറഞ്ഞു.