ദേ നമ്മുടെ ഗവണ്മെന്റ് സ്കൂള്‍ അടിപൊളിയായി ട്ടോ..!
1298689
Wednesday, May 31, 2023 3:36 AM IST
കോഴഞ്ചേരി: സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മാറ്റത്തിന്റെ പാതയിലാണ്. സ്കൂളുകളുടെ കെട്ടുംമട്ടും മാറുകയും ക്ലാസ്മുറികള് ഹൈടെക് നിലവാരത്തിലേക്കുയരുകയും ചെയ്തതോടെ പരമാവധി കുട്ടികളെ എത്തിക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും.
പുതിയ കെട്ടിടങ്ങള്‍ പൂര്‍ണസജ്ജമായ ശേഷമുള്ള ആദ്യ പ്രവേശനോത്സവമാണ് നാളെ കോഴഞ്ചേരി ഗവണ്മെന്റ് എച്ച്എസ്എസില്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് പുതിയ കെട്ടിടവും ക്ലാസ് മുറികളും സജ്ജമായത്. അതുകൊണ്ടുതന്നെ പതിവില്‍ക്കവിഞ്ഞ ആവേശം അധ്യാപകരിലുമുണ്ട്.
പ്രധാന അധ്യാപിക ഉള്‍പ്പെടെയുള്ള 13 പേരും വനിതാ അധ്യാപികമാരാണ് എന്നതും ഒരു പ്രത്യേകതയാണ്. മുറ്റംതൂത്തും ക്ലാസ് മുറികള്‍ വൃത്തിയാക്കിയും ഡെസ്കും ബെഞ്ചും തുടച്ചും കുട്ടികളെ സ്വീകരിക്കാന്‍ അവര്‍ തന്നെയാണ് ഒരുക്കം നടത്തുന്നത്. നാല് അനധ്യാപകരില്‍ ഒരാള്‍ മാത്രമേ പുരുഷനായിട്ടുള്ളൂ. സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയയ്ക്കുന്നതിനു ഇടക്കാലത്ത് രക്ഷാകര്ത്താക്കളിലുണ്ടായിരുന്ന മടുപ്പ് ഇപ്പോള്‍ ഇല്ലാതായെന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങിയിട്ടുണ്ട്.
അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ 100 ഗ്രോബാഗുകളും സ്കൂള്‍ അങ്കണത്തില്‍ സജ്ജമാക്കി. വിദ്യാഭ്യാസത്തോടൊപ്പം കാര്‍ഷികസംസ്കാരവും കുട്ടികളില്‍ വളര്‍ത്താനാണ് ഇത്തരം പ്രവർത്തനമെന്നു പ്രധാനാധ്യാപിക കെ. കെ. ജയ പറഞ്ഞു. കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ പരീക്ഷ എഴുതിയ 33 കുട്ടികളും വിജയിച്ചെന്നതും മറ്റൊരു പ്രത്യേകതയാണ്. സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ലഭിക്കുന്ന 50,000 രൂപ ഗ്രാന്റില്‍ 5,000 രൂപ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കുവേണ്ട കളിപ്പാട്ടങ്ങളും ഫിസിയോ തെറാപ്പി ഉപകരണങ്ങളും വാങ്ങാന്‍ നീക്കിവച്ചിരിക്കുന്നതായി പ്രധാനാധ്യാപിക പറഞ്ഞു.
ഈ വര്‍ഷം ഇതുവരെ 25 കുട്ടികൾ അഡ്മിഷന് എടുത്തിട്ടുണ്ട്. 5, 8 ക്ലാസുകളിലാണ് ഏറ്റവും കൂടുതല്‍ പ്രവേശനം നടക്കുന്നത്. സ്കൂളിലേക്ക് എത്തുന്ന കുട്ടികള്‍ക്കുള്ള വാഹന സൗകര്യം ക്രമീകരിക്കുന്നതും അധ്യാപകരാണ്.
9, 10 ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള പാഠപുസ്തകത്തിന്റെ വിതരണവും കഴിഞ്ഞു. പ്രവേശനദിവസംതന്നെ എല്ലാ വിദ്യാര്‍ഥികള്‍ക്കും യൂണിഫോം വിതരണം ചെയ്യാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. പ്രവേശന ദിവസം കുട്ടികള്‍ക്കു പായസം ഉള്‍പ്പെടെയുള്ള സദ്യയുണ്ടാകും. ആധുനിക രീതിയിലുള്ള ഡൈനിംഗ്ഹാളും ഡിജിറ്റല്‍ ക്ലാസ് മുറികളും സ്കൂളിന്റെ പ്രത്യേകതയാണ്.