ആഘോഷലഹരിയിൽ സ്കൂളുകൾ
1298688
Wednesday, May 31, 2023 3:36 AM IST
പത്തനംതിട്ട: പ്രവേശനോത്സവത്തിനുള്ള ഒരുക്കത്തിലാണ് സ്കൂളുകള്‍. ആദ്യമായി സ്കൂളുകളില്‍ എത്തുന്നവരെയും രണ്ടു മാസത്തെ അവധിക്കു ശേഷം വിദ്യാലയ മുറ്റത്തെത്തുന്നവ രെയുമൊക്കെ സ്വീകരിക്കാനുള്ള തയാറെടുപ്പാണ് എല്ലായിടത്തും.
ജനപ്രതിനിധികളുടെയും രക്ഷാകര്ത്തൃസംഘടനകളുടെയും സഹകരണത്തില്‍ പൊതുവിദ്യാലയങ്ങള്‍ വിപുലമായ പ്രവേശനോത്സവ ചടങ്ങുകള്തന്നെ നാളത്തേക്ക് ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതല ഉദ്ഘാടനങ്ങള്‍ പ്രവേശനോത്സവത്തിനുണ്ട്. ഒപ്പം എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
പൊതുവിദ്യാലയങ്ങള്‍ 730
എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 730 സ്കൂളുകളാണ് ജില്ലയിലുള്ളത്. എല്‍പി വിഭാഗത്തില്‍ 417 സ്കൂളുകളുണ്ട്. ഇതില്‍ 167 സ്കൂളുകള്‍ ഗവണ്മെന്റ് വിഭാഗത്തിലും 229 സ്കൂളുകള്‍ എയ്ഡഡ് വിഭാഗത്തിലും 21 അണ്‍എയ്ഡഡ് സ്കൂളുകളുമാണുള്ളത്.
യുപി വിഭാഗത്തില്‍ 142 സ്കൂളുകള്‍ ഉള്ളതില്‍ ഗവണ്മെന്റ് മേഖലയില്‍ 43, എയ്ഡഡ് 86, അണ്‍എയ്ഡഡ് വിഭാഗത്തില്‍ 13 എന്നിങ്ങനെയാണ് വിദ്യാലയങ്ങള്‍. 171 ഹൈസ്കൂളുകളില്‍ ഗവണ്മെന്റ് വിഭാഗത്തില്‍ 51, എയ്ഡഡ് 112, അണ്‍എയ്ഡഡ് എട്ട് എന്നിങ്ങനെയാണ് കണക്ക്.
ഏറ്റവും കുറവ് കുട്ടികള്‍ പത്തനംതിട്ടയില്‍
കഴിഞ്ഞ വര്‍ഷം പത്തനംതിട്ട ജില്ലയിലെ ഗവണ്മെന്റ്, എയ്ഡഡ്, സംസ്ഥാന സിലബസിലെ അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലായി ആകെ ഉണ്ടായിരുന്നത് 86,279 കുട്ടികളാണ്. സംസ്ഥാനത്തുതന്നെ പൊതുവിദ്യാലയങ്ങളില്‍ ഏറ്റവും കുറച്ച് കുട്ടികള്‍ പഠിക്കുന്നത് പത്തനംതിട്ടയിലാണ്. ഒരു ലക്ഷത്തില്‍ താഴെ കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലായി ഉള്ളതും പത്തനംതിട്ടയിലാണ്.
കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ 44,492 ആണ്‍കുട്ടികളും 41,787 പെണ്‍കുട്ടികളുമാണ് പത്തനംതിട്ടയിലെ സ്കൂളുകളിലുണ്ടായിരുന്നത്.23,632 കുട്ടികള്‍ ഗവണ്മെന്റ് മേഖലയിലും 55,543 കുട്ടികള്‍ എയ്ഡഡ് സ്കൂളുകളിലും 7104 കുട്ടികള്‍ അണ്‍എയ്ഡഡ് വിഭാഗത്തിലുമായിരുന്നു.
സംസ്ഥാനത്ത് അണ് ഇക്കണോമിക് വിഭാഗത്തില്‍ സ്കൂളുകള്‍ ഏറെയുള്ള ജില്ലയാണ് പത്തനംതിട്ട. കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ ജില്ലയിലെ 36 സ്കൂളുകളില്‍ പത്തില്‍ താഴെ കുട്ടികളായിരുന്നു.
എത്തിയത് 4,408 കുട്ടികള്‍
2022-23 അധ്യയന വര്‍ഷം 4,408 കുട്ടികളാണ് ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പുതുതായി ചേര്‍ന്നത്. നിയമസഭയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ വിദ്യാഭ്യാസ മന്ത്രി നല്കിയ രേഖയിൽ ഇതു പറയുന്നുണ്ട്. ഇവരില്‍ 828 കുട്ടികള്‍ മാത്രമാണ് എല്‍പി ക്ലാസുകളില്‍ പുതുതായി എത്തിയത്. ഏറെപ്പേരും ഒന്നാംക്ലാസില്‍ പ്രവേശനം നേടിയവരാണ്. യുപി വിഭാഗത്തില്‍ 2,274 കുട്ടികള്‍ ചേര്‍ന്നു. ഹൈസ്കൂള്‍ ക്ലാസുകളില്‍ 1,306 കുട്ടികളും പുതുതായി അഡ്മിഷന് നേടിയിരുന്നു.
എന്നാല്‍, 2021-22 അധ്യയനവര്‍ഷം ജില്ലയില്‍ 16,394 കുട്ടികള്‍ പുതുതായി പൊതുവിദ്യാലയങ്ങളിലെത്തി. കോവിഡിനു ശേഷം സ്കൂളുകള്‍ തുറന്നപ്പോള്‍ പൊതുവിദ്യാലയങ്ങളിലേക്കുണ്ടായ ഒഴുക്കിന്റെ ഭാഗമാണിത്. എല്‍പി സ്കൂളുകളില്‍ 2,536 പേര് പുതിയ അഡ്മിഷന് നേടിയപ്പോള്‍ 3,233 കുട്ടികള്‍ യുപി ക്ലാസുകളിലും 1,532 പേര് ഹൈസ്കൂളുകളിലുമെത്തി. 2019-20ല്‍ 4,621 കുട്ടികളാണ് ആകെയെത്തിയത്. 713 പേര് എല്‍പിയിലും 2,397 കുട്ടികള്‍ യുപിയിലും 1,511 പേര് ഹൈസ്കൂളുകളിലുമായി പ്രവേശനം നേടി.