നേതാവിന്റെ നിലംനികത്തൽ: വെട്ടിലായി സിപിഎം
1298686
Wednesday, May 31, 2023 3:29 AM IST
തിരുവല്ല: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. സനൽകുമാർ നടത്തിയതായി ആരോപിക്കപ്പെടുന്ന അനധികൃത നിലംനികത്തൽ വിവാദമാകുന്നു. പ്രളയബാധിത മേഖലയിൽ നികത്തിയ നിലം പൂർവസ്ഥിതിയിലാക്കണം എന്നാവശ്യപ്പെട്ടു കോൺഗ്രസും ബിജെപിയും രംഗത്തെത്തിയതോടെ പാർട്ടിതലത്തിലും അന്വേഷണം തുടങ്ങി.
സംഭവം വിവാദമായതിനു പിന്നാലെ നികത്തൽ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു വില്ലേജ് ഓഫീസർ നിരോധന ഉത്തരവ് നൽകി. പെരിങ്ങര പഞ്ചായത്തിലെ നാലാം വാർഡിൽ അയ്യനാവേലിയിൽ 250 ഏക്കറോളം വരുന്ന വേങ്ങൽ പാടശേഖരത്തിന്റെ രണ്ട് ഏക്കറോളം വരുന്ന ഭാഗം നികത്താൻ സിപിഎം നേതാവ് നടത്തിയ നീക്കമാണ് വിവാദമായിരിക്കുന്നത്.
നോട്ടീസ് പതിച്ചു
ചലച്ചിത്ര നിർമാതാവും തിരുവല്ല സ്വദേശിയുമായ വിദേശ മലയാളി ഇടിഞ്ഞില്ലത്തു നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിനായി നീക്കം ചെയ്ത ലോഡ് കണക്കിനു മണ്ണ് സൗജന്യമായി ഉപയോഗിച്ചാണ് അനധികൃത നികത്തൽ നടത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്. നിലം നികത്തൽ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് നേരിട്ടു കൈപ്പറ്റാൻ തയാറാകാതിരുന്നതിനെത്തുടർന്ന് കാവുംഭാഗം വില്ലേജ് ഓഫീസർ കൈമാറിയ നിരോധന ഉത്തരവ് നെടുമ്പ്രം വില്ലേജ് ഓഫീസർ കഴിഞ്ഞ ദിവസം സനൽകുമാറിന്റെ വീട്ടിലെത്തി ഭിത്തിയിൽ പതിപ്പിക്കുകയായിരുന്നു.
വെള്ളപ്പൊക്ക ഭീഷണി
നൂറുകണക്കിനു കുടുംബങ്ങൾ ജീവിക്കുന്ന അയ്യനാവേലിയിലും സമീപപ്രദേശമായ മുണ്ടപ്പള്ളി ഭാഗത്തും വർഷത്തിൽ മൂന്നും നാലും തവണ വെള്ളപ്പൊക്കം ഉണ്ടാകാറുണ്ട്. വെള്ളപ്പൊക്ക കാലത്തു വീടുകൾക്കുള്ളിൽ അരയ്ക്കൊപ്പം വെള്ളം കയറുകയും ചെയ്യും.വെള്ളപ്പൊക്ക ഭീഷണി ഏറെയുളള ഈ പ്രദേശത്തു നടത്തുന്ന അനധികൃത നികത്തൽ കൂടുതൽ ദുരിതം സൃഷ്ടിക്കുമെന്നു പ്രദേശവാസികൾ പറയുന്നു.
നികത്തിയ നിലം പൂർവസ്ഥിതിയിലാക്കാൻ ആർഡിഒയും ജില്ലാ കളക്ടറും നടപടി സ്വീകരിക്കണമെന്നാണ് കോൺഗ്രസ്, ബിജെപി നേതാക്കളുടെ ആവശ്യം. അതേസമയം, നിലവിലെ വിവാദങ്ങൾ രാഷ്ട്രീയപ്രേരിതവും പാർട്ടിക്കുള്ളിലെ വിഭാഗീയതയുടെ ഭാഗമാണെന്നും സിപിഎമ്മിലെ ഒരു വിഭാഗം പറയുന്നു.
നിലംനികത്തൽ വെല്ലുവിളിയെന്ന് ഡിസിസി പ്രസിഡന്റ്
തിരുവല്ല: ഭരണ സ്വാധീനത്തിന്റെയും മത്സ്യകൃഷിയുടെയും മറവില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ആ. സനൽകുമാറിന്റെ നേതൃത്വത്തിൽ നടത്തുന്ന നിലം നികത്തല്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍.
പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന പെരിങ്ങര പഞ്ചായത്തിലെ വേങ്ങല്‍ പാടശേഖരത്തില്‍ മത്സ്യകൃഷിയുടെ മറവില്‍ നികത്തിയ 50 സെന്റ് സ്ഥലത്തെയും മണ്ണ് തിരികെ എടുപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം സമരപരിപാടികളിലേക്കും നിയമപരമായ കാര്യങ്ങളിലേക്കും പോകുമെന്നും ഡിസിസി പ്രസിഡന്റ് ആരോപിച്ചു.
കാര്‍ഷിക സബ്സിഡി ഉള്‍പ്പെടെ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ഈ പാടത്തില്‍ മത്സ്യകൃഷി നടത്തുന്നതിന് അനുമതി നല്കിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.