മികവുകൾ സമ്മാനിച്ച് ഡോ. വർഗീസ് മാത്യുവിന് പടിയിറക്കം
1298678
Wednesday, May 31, 2023 2:33 AM IST
തിരുവല്ല: മാർത്തോമ്മ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് മാത്യു ഇന്നു വിരമിക്കും.
2020ൽ കോളജ് പ്രിൻസിപ്പലായി ചുമതലയേറ്റ അദ്ദേഹം കോവിഡ് കാലഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയാകെ വിറങ്ങലിച്ച സമയത്ത് ധൈര്യപൂർവം വെല്ലുവിളികൾ ഏറ്റെടുത്ത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി കോളജിലെ മുഴുവൻ ക്ലാസുകളും ഓൺലൈനായി സംഘടിപ്പിച്ച് തുടക്കം ഗംഭീരമാക്കി. കോവിഡ് കാലത്തെ പഠന സഹായത്തിനും പ്രതിരോധത്തിലുമെല്ലാമായി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയത്.
കോളജ് സപ്തതി ആഘോഷങ്ങൾക്കും ചുക്കാൻ പിടിച്ചത് ഡോ. വർഗീസ് മാത്യുവാണ്. സപ്തതി സ്മാരകമായി രണ്ടു വീടുകൾ നിർമിച്ചു നൽകി. വിദ്യാർഥികൾക്കായി 35 ലക്ഷത്തോളം രൂപയുടെ സ്കോളർഷിപ്പുകൾ, ക്ലാസ്മുറികളുടെ ആധുനികവത്കരണം, വിവിധ വകുപ്പുകളുടെ നവീകരണം, മ്യൂസിക്കൽ അക്കാഡമി തുടങ്ങിയ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ പൂർത്തിയാക്കി. പ്രകൃതി സൗഹൃ പ്രവർത്തനങ്ങളിലൂടെയും ഡോ. വർഗീസ് മാത്യു ശ്രദ്ധേയനായി.
കോളജിൽ ആരംഭിച്ച മിയോവാക്കി വനം, മറ്റ് പ്രകൃതി സൗഹൃദ പദ്ധതികൾ പരിഗണിച്ച് കേരള സർക്കാരിന്റെ വനമിത്ര പുരസ്കാരം, ഇൻഫോസിസ് ഫൗണ്ടേഷന്റെ അക്ഷയശ്രീ പുരസ്കാരം എന്നീ അവാർഡുകളും ലഭിച്ചു. റാങ്കുകളിലൂടെ കോളജും സർവകലാശാല തലത്തിൽ മികവ് കാട്ടി. 2004ൽ ഗണിതശാസ്ത്ര അധ്യാപകനായാണ് ഡോ. വർഗീസ് മാത്യു മാർത്തോമ്മാ കോളജിൽ ജോലിയിൽ പ്രവേശിച്ചത്.