കൊറ്റനാട് പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിക്ക് 18.7 കോടി
1298334
Monday, May 29, 2023 10:08 PM IST
റാന്നി: കൊറ്റനാട് പഞ്ചായത്തിലെ കുടിവെള്ള വിതരണ പൈപ്പുകളുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. കൊറ്റനാട് പഞ്ചായത്തിന്റെ സമസ്ത മേഖലയിലും ജല്‍ജീവന്‍ പദ്ധതി വഴി കുടിവെള്ളം എത്തിക്കുന്നതിനായി 18.7 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. രണ്ടു പേരാണ് ടെൻഡറിൽ പങ്കെടുത്തിട്ടുള്ളത്. 4706 വീടുകളില്‍ കണക്ഷന് നല്‍കാനാകും.
ഇതോടെ കൊറ്റനാട് പഞ്ചായത്ത് സമഗ്ര കുടിവെള്ള പഞ്ചായത്തായി മാറുമെന്ന് എംഎൽഎ പറഞ്ഞു.
വാധ്യാര് മലയിലേത് ഉള്‍പ്പെടെ നിലവിലെ രണ്ട് ടാങ്കുകളില്‍ നിന്നാണ് ജലവിതരണം സാധ്യമാക്കുക. അങ്ങാടി - കൊറ്റനാട് സമഗ്ര കുടിവെള്ള പദ്ധതി വഴിയാണ് ഇവിടെയൊക്കെ കുടിവെള്ളം എത്തിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായുള്ള കിണറിന്റെ നിര്‍മാണം ടെന്‍ഡര്‍ ചെയ്തു കഴിഞ്ഞു. എന്നാല്‍, ഈ കിണറുകളില്‍ വെള്ളം കിട്ടുമോയെന്ന് നാട്ടുകാരുടെ ആശങ്ക ജലഅഥോറിറ്റി പ്രോജക്ട് വിഭാഗം പഠിച്ചുകൊണ്ടിരിക്കുകയാണ്. വഴി ലഭ്യമാക്കിയാല്‍ പള്ളിക്കയത്തിന് സമീപത്തേക്ക് കിണര്‍ മാറ്റാനും ആലോചനയുണ്ട്.
അടുത്തമാസത്തോടെ പ്ലാന്റ്് നിര്‍മാണം ടെന്‍ഡര്‍ ചെയ്യാനാകും. അങ്ങാടി കുടിവെള്ള പദ്ധതി പൂര്‍ത്തിയാകുന്നതോടെ രണ്ട് പഞ്ചായത്തിലെയും എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളമെത്തിക്കാനാകും.
ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് അനുസൃതമായി ടാങ്കിന്റെയും കിണറിന്റെയും നിര്‍മാണവും നടത്താനാണ് ആലോചിക്കുന്നത്.