ത്രി ഡി തിയറ്റര്‍ ഒരുക്കി വാഴമുട്ടം നാഷണല്‍ സ്കൂള്‍
1298333
Monday, May 29, 2023 10:08 PM IST
വാഴമുട്ടം: നാഷണല്‍ യുപി സ്കൂളില്‍ കുട്ടികള്‍ക്കായി ത്രി ഡി തിയേറ്റര്‍ ഒരുങ്ങി. പൂർണമായും ശീതീകരിച്ച തിയേറ്റര്‍ ക്ലാസ് മുറിയില്‍ ഇരുന്ന് കുട്ടികള്‍ക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ പഠനം നടത്താനാകും. സംസ്ഥാനത്തുതന്നെ പൊതുവിദ്യാലയങ്ങളിൽ ആദ്യത്തെ സംരംഭമാണിതെന്ന് മാനേജർ രാജേഷ് ആക്ലേത്ത് പറഞ്ഞു.
15 ലക്ഷം രൂപ ഇതുവരെ തിയേറ്റർ നിർമാണത്തിനു ചെലവായിട്ടുണ്ട്. തിരുവനന്തപുരത്തെ ഏരീസ് ഗ്രൂപ്പാണ് തിയേറ്ററിന്റെ നിർമാതാക്കൾ. 14x 9 സ്ക്രീനാണ് തയാറായിട്ടുള്ളത്. 41 സീറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ഇന്ററാക്ടീവ് സ്മാര്‍ട്ട് ഡിജിറ്റല്‍ പോഡിയവും വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനവും തിയറ്ററില്‍ ഒരുക്കിയിട്ടുണ്ട്.
ശാസ്ത്ര, ഗണിതശാസ്ത്ര വിഷയങ്ങളും ആധുനിക കാര്‍ഷിക രീതികളും ഭാഷയും ചരിത്രവും തുടങ്ങി സ്പേസ് സയന്‍സ് വരെ ആകര്‍ഷകമായി കുട്ടികളെ പഠിപ്പിക്കുകയാണ് എഡ്യുതിയേറ്ററിന്റെലക്ഷ്യമെന്നും മാനേജര്‍ പറഞ്ഞു.
നിലവിൽ 120 കുട്ടികളാണ് അഞ്ചു മുതൽ ഏഴുവരെ ക്ലാസുകളിലായി പഠിക്കുന്നത്. 60 കുട്ടികൾ പുതുതായി സ്കൂളിലെത്തിയവരാണ്. നാലുവർഷം മുന്‍പുവരെ അൺ ഇക്കണോമിക്കായിരുന്നു സ്കൂൾ. സ്മാർട്ട് ക്ലാസ് മുറികൾ ആവശ്യാനുസരണം ക്രമീകരിച്ചിട്ടുണ്ട്. തിയേറ്ററിന്റെ ഉദ്ഘാടനം ഇന്നു രാവിലെ കെ.യു. ജനീഷ് കുമാർ എംഎൽഎ നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. വിനീത്, പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ, വാർഡ് മെംബർ ഗീതാകുമാരി, അധ്യാപകരായ റൂബി ഫിലിപ്സ്,സുനിലാ കുമാരി, ദീപ്തി ആര്.നായര്‍, ആർ. പാർവതി, ലക്ഷ്മി ആര്.നായര്‍, ഓഫീസ് സ്റ്റാഫ് ആകാശ്.പിറ്റിഎ അംഗം സുനോജ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.