പ്രവേശനോത്സവം അറിയിച്ച് റാന്നി ബിആർസി
1298332
Monday, May 29, 2023 10:08 PM IST
റാന്നി: ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ സ്കൂൾ പ്രവേശനോത്സവം വനമേഖലയിലെ കുടിലുകളിൽ അറിയിക്കാൻ റാന്നി ബിആർസി സംഘം ശബരിമല വാർഡിൽ എത്തി.
ബിപിസി ഷാജി എ. സലാമിന്റെ നേതൃത്വത്തിൽ സിആർസി കോ-ഓർഡിനേറ്റർ സാബു ഫിലിപ്പ്, സ്പെഷൽ എഡ്യൂക്കേറ്റർമാരായ സീമ എസ്. പിള്ള, സോണിയ മോൾ ജോസഫ്, സൗമ്യ രവി എന്നിവരാണ് ആദിവാസി ഊരുകൾ സന്ദർശിച്ചത്. സമഗ്ര ശിക്ഷ കേരളയുടെ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാത്ത ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു. രക്ഷിതാക്കളോടും കുട്ടികളോടും സംസാരിച്ച സംഘം കുട്ടികൾക്ക് ഇഷ്ടപ്പെട്ട ബാല മാസികകളും വായിക്കാൻ നൽകി. പ്ലാച്ചേരിയിൽ ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾക്ക് ജൂൺ അവസാനം ബിആർസി നേതൃത്വം നൽകും.
റാന്നി ബ്ലോക്ക്തല സ്കൂൾ പ്രവേശനോത്സവം വ്യാഴാഴ്ച മാടമൺ ഗവൺമെന്റ് യുപി സ്കൂളിൽ പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്യും.
പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനൻ അധ്യക്ഷത വഹിക്കും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഗോപി മുഖ്യാതിഥി ആയിരിക്കും.