വിദ്യാലയങ്ങൾ ഒരുങ്ങുന്നു, പ്രവേശനോത്സവം വ്യാഴാഴ്ച
1298330
Monday, May 29, 2023 10:08 PM IST
പത്തനംതിട്ട: പ്രവേശനോത്സവത്തിനുള്ള തയാറെടുപ്പിലാണ് സ്കൂളുകൾ. രണ്ടുമാസത്തെ ഇടവേള കഴിഞ്ഞ് പുതിയ അധ്യയനവർഷം വ്യാഴാഴ്ച ആരംഭിക്കുന്നത് പ്രവേശനോത്സവത്തോടെയാണ്. പ്രവേശനോത്സവത്തിനു മുന്നോടിയായ തയാറെടുപ്പുകളാണ് സ്കൂളുകൾ നടന്നുവരുന്നത്.
അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് പെയിന്റിംഗു നടത്തി മനോഹരമാക്കിയ പൊതുവിദ്യാലയങ്ങളുടെ പരിസരം കൂടി വൃത്തിയാക്കുന്ന ജോലികളാണ് അന്തിമമായി നടന്നുവരുന്നത്. സർക്കാർ സ്കൂളുകളാണ് ഏറെയും അണിഞ്ഞൊരുങ്ങിയത്. സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാരും തദ്ദേശസ്ഥാപനങ്ങളും നൽകിയ ഫണ്ടുപയോഗിച്ചാണ് ഗവൺമെന്റ് വിദ്യാലയങ്ങൾ മോടി പിടിപ്പിച്ചത്. പുതുതായി സ്കൂളിലെത്തുന്നവരെയും നിലവിലെ വിദ്യാർഥികളെയും ആഘോഷപൂർവം വരവേറ്റുകൊണ്ടാണ് പ്രവേശനോത്സവം നടത്തുന്നത്. പ്രവേശനോത്സവത്തിൽ രക്ഷിതാക്കളും ജനപ്രതിനിധികളും എല്ലാം പങ്കെടുക്കും.
പ്രീ പ്രൈമറികൾ വർണക്കൂടാരം
സർക്കാർ പ്രൈമറി വിദ്യാലയങ്ങളോടനുബന്ധിച്ച പ്രീ സ്കൂളുകളുടെ മുഖഛായയിലുണ്ടായ മാറ്റമാണ് ഇക്കുറി ഏറെ ശ്രദ്ധേയമായിട്ടുള്ളത്. മികവിന്റെ ഭാഗമായി ഇവയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചിരിക്കുകയാണ്. കുട്ടികളെ ആകർഷിക്കുന്നതിനായി വിവിധ കളിക്കോപ്പുകൾ അടക്കം ക്രമീകരിച്ചു. ഒപ്പം ഛായം പൂശിയും ചിത്രങ്ങൾ വരച്ചും ഭിത്തികളും മതിലുമെല്ലാം മനോഹരമാക്കി.
സർവശിക്ഷാ കേരളം നടപ്പാക്കുന്ന സ്റ്റാർസ് മാതൃകാ പ്രീപ്രൈമറി പദ്ധതിയാണ് വർണക്കൂടാരം. കുട്ടികളുടെ ഭാവി ജീവിതം മികവുറ്റതാക്കാൻ അന്താരാഷ്ട്ര നിലവാരവും പ്രാദേശിക പ്രസക്തവുമായ പ്രീസ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഭാഷാവികസന ഇടം, വർണയിടം, ഗണിതയിടം എന്നിങ്ങനെ കുട്ടികളിൽ അറിവിന്റെ വളർച്ചയ്ക്കും പഞ്ചേന്ദ്രീയാനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന രീതിയിൽ 13 പ്രവർത്തന ഇടങ്ങളാണ് വർണക്കൂടാരം പദ്ധതിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഗണിതം മുതൽ കലാപ്രകടനങ്ങൾക്കു വരെ പ്രത്യേകം ഇടങ്ങൾ പ്രീ പ്രൈമറി വിദ്യാലയങ്ങളിലുണ്ടാകും. വിദ്യാലയങ്ങളുടെ പഠനപ്രവർത്തങ്ങളുടെ മെച്ചപ്പെടുത്തലും അധ്യാപക ശാക്തീകരണവും ലക്ഷ്യമാക്കുന്ന സ്റ്റാർസ് പദ്ധതി പ്രകാരം പ്രീ പ്രൈമറികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി സമഗ്രശിക്ഷ കേരളം വഴിയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
വർണക്കൂടാരവുമായി വെട്ടിപ്പുറം പ്രീ പ്രൈമറി
വെട്ടിപ്പുറം ഗവൺമെന്റ് പ്രീ പ്രൈമറി സ്കൂളിലൊരുങ്ങുന്ന ആധുനിക നിലവാരത്തിലുള്ള വർണക്കൂടാരം നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഇന്നു രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യും.
പിടിഎ പ്രസിഡന്റ്് ഷാനവാസ് പെരിങ്ങമല അധ്യക്ഷത വഹിക്കും. വാർഡ് കൗൺസിലർ സി. കെ അർജുനൻ, പ്രഥമാധ്യാപിക രമാഭായ് തുടങ്ങിയവർ പ്രസംഗിക്കും. സർവശിക്ഷ കേരളം വഴി അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് വർണക്കൂടാരമൊരുങ്ങുന്നത്.