കാഞ്ഞിരപ്പള്ളി രൂപതയില്‍ മരിയന്‍ പ്രാർഥനാദിനാചരണം
1298329
Monday, May 29, 2023 10:08 PM IST
കാഞ്ഞിരപ്പള്ളി: റോമില്‍ ഒക്ടോബറില്‍ നടത്തപ്പെടുന്ന മെത്രാന്മാരുടെ സിനഡിനൊരുക്കമായി കാഞ്ഞിരപ്പള്ളി രൂപതയില്‍ മരിയന്‍ പ്രാർഥനാദിനമായി നാളെ ആചരിക്കുമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അറിയിച്ചു.
മാര്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനമനുസരിച്ച് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി നല്കിയ നിര്‍ദേശത്തെത്തുടർന്നാണ് മരിയന്‍ പ്രാർഥനാദിനം ആചരിക്കുന്നതെന്ന് മാര്‍ ജോസ് പുളിക്കല്‍ രൂപതാംഗങ്ങള്‍ക്കായി നല്കിയ സര്‍ക്കുലറില്‍ ഓര്‍മപ്പെടുത്തി. ദിനാചരണത്തിന്റെ ഭാഗമായി രൂപതാധ്യക്ഷന്‍ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ നാളെ രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. രൂപതയിലെ എല്ലാ ഇടവകകളിലും സന്യാസ ഭവനങ്ങളിലും കുടുംബങ്ങളിലും മരിയന്‍ പ്രാര്‍ഥനാദിനമായി ആചരിക്കുന്നതാണ്.
ഒരുമിച്ച് യാത്ര ചെയ്യുന്ന സഭയ്ക്കുവേണ്ടി കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം എന്നതാണ് ഒക്ടോബറിലെ മെത്രാന് സിനഡിന്റെ വിഷയം. ദൈവജനത്തെ ശ്രവിക്കുകയെന്നതാണ് മെത്രാന്മാരുടെ സിനഡിന്റെ പ്രാഥമിക ദൗത്യം. എല്ലാ വിശ്വാസികളെയും ശ്രവിക്കുന്നതിനുള്ള അവസരമാണ് സിനഡിലൂടെ ലഭിക്കുന്നത്.
റോമിലെ മെത്രാന് സിനഡിന്റെ പശ്ചാത്തലത്തില്‍ പ്രഥമ ഘട്ടമെന്ന നിലയില്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ വിശ്വാസികളെ ശ്രവിക്കുന്നതിന് വിവിധ കര്‍മപരിപാടികള്‍ പൂര്‍ത്തിയായിരുന്നു. ഇടവക, കുടുംബകൂട്ടായ്മ സഹയാത്ര സംഗമങ്ങളും അതിനോടനുബന്ധിച്ചുള്ള ഗ്രൂപ്പ് ചര്‍ച്ചകളും ഇതിനോടനുബന്ധിച്ച് നടപ്പിലാക്കിയിരുന്നു.