മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷിച്ചു
1298294
Monday, May 29, 2023 9:34 PM IST
പത്തനംതിട്ട: മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷിച്ചു. പുത്തൻപീടിക വടക്ക് നടുവത്ത് കാവിൽ മരംമുറിക്കുന്നതിനിടെയാണ് നാരങ്ങാനം സ്വദേശിയായ കുഞ്ഞുമോൻ(55) ബോധക്ഷയം വന്ന് മരത്തിൽ കുടുങ്ങിയത്.
70 അടിയോളം ഉയരമുള്ള മഹാഗണി മരം മുറിച്ചുകൊണ്ടിരിക്കവെയാണ് ബോധക്ഷയം സംഭവിച്ചത്. മരത്തിന്റെ ശിഖരത്തിനിടയിൽ കുഞ്ഞുമോൻ പിടിച്ചിരുന്നു. വിവരം അറിഞ്ഞയുടൻ അഗ്നിരക്ഷാ സേന ജീവനക്കാർ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി.
അഗ്്നിശമന സേന സ്റ്റേഷന് ഓഫിസര്‍ അജിത്കുമാറിന്റെ നേതൃത്വത്തിൽ ഓഫീസര്‍മാരായ രമേശ്കുമാര്‍, പ്രേംകുമാര്‍ എന്നിവര്‍ മരത്തിന് മുകളില്‍ കയറി കുഞ്ഞുമോനെ വലയിലാക്കിയാണ് താഴെ എത്തിച്ചത്. താഴെ ഇറക്കിയ കുഞ്ഞുമോനെ ഉടൻതന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിലുമെത്തിച്ചു.