വന്യമൃഗ ശല്യം: ആശങ്ക ഒഴിയാതെ മലയോരം
1298290
Monday, May 29, 2023 9:34 PM IST
പത്തനംതിട്ട: കിഴക്കൻ മലയോര മേഖലയിൽ വന്യമൃഗങ്ങൾ കാടിറങ്ങിയതിനെത്തുടർന്നു നിലനിൽക്കുന്ന ആശങ്കകൾക്കു പരിഹാരമില്ല. മൂന്നുദിവസമായി കടുവയെ സംബന്ധിച്ച വിവരങ്ങൾ ഇല്ലെങ്കിലും ഇതു കാടുകയറിയിട്ടുണ്ടാകില്ലെന്നാണ് വനപാലകരും പറയുന്നത്.
കാട്ടുപോത്തും കാട്ടാനയും ഭീഷണി ഉയർത്തി മലയോര മേഖലയിൽ തുടരുകയുമാണ്. അടിക്കടിയുണ്ടാകുന്ന ആക്രമണങ്ങളും കൃഷിനാശവും കാരണം ഭീതിജനകമായ അന്തരീക്ഷം വടശേരിക്കര, പെരുനാട് പഞ്ചായത്തുകളിൽ നിലനിൽക്കുകയാണ്.
തണ്ണിത്തോട്, ചിറ്റാർ പഞ്ചായത്തുകളിൽ കാട്ടുപോത്തും കാട്ടാനകളും ഭീതി പരത്തുന്നു. തണ്ണിത്തോട്ടിൽ വ്യാപകമായ കൃഷിനാശമാണ് കാട്ടാനകൾ വരുത്തിവച്ചുകൊണ്ടിരിക്കുന്നത്. വടശേരിക്കരയിലും ഇവയുടെ ശല്യം തുടരുകയാണ്.
രാത്രി യാത്രപോലും ഈ മേഖലകളിൽ പ്രദേശവാസികൾ ഉപേക്ഷിച്ചിരിക്കുകയാണ്. കട്ടച്ചിറ റോഡിലും തണ്ണിത്തോട് - ചിറ്റാർ പാതയിലുമൊക്കെ കഴിഞ്ഞദിവസങ്ങളിൽ കാട്ടാനക്കൂട്ടം റോഡിൽ നിലയുറപ്പിച്ചതിനേ തുടർന്ന് രാത്രിയാത്രക്കാർ മടങ്ങേണ്ടിവന്നു.
സ്കൂളുകൾ ജൂൺ ഒന്നിനു തുറക്കുന്നതോടെ ആശങ്ക വർധിക്കുകയാണ്. കുട്ടികളെ പുറത്തേക്ക് വിടാൻ തന്നെ രക്ഷിതാക്കൾക്കു ഭയമാണ്.
കടുവയുടെ ഭീഷണി നിലനിൽക്കുന്ന വടശേരിക്കര ബൗണ്ടറിയോടു ചേർന്ന എംആർഎസ്എൽബിവി സ്കൂളിലും ആശങ്ക നിലനിൽക്കുന്നു.