നെല്ലിന്റെ സംഭരണവില ഇനിയും വൈകരുത്
1298075
Sunday, May 28, 2023 10:54 PM IST
പത്തനംതിട്ട: നെല്ലിന്റെ സംഭരണവില അടിയന്തരമായി വിതരണം ചെയ്യണമെന്ന് ജില്ലാ വികസനസമിതിയിൽ ആവശ്യം. മാത്യു ടി. തോമസ് എംഎല്‍എയാണ് ഇക്കാര്യം ഉന്നയിച്ചത്.
നെല്‍കര്‍ഷകരുടെ ആത്മവിശ്വാസം കൂട്ടുന്ന നടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാകണം. തുക വിതരണം ചെയ്യുന്നതിൽ കാലതാമസം പാടില്ല. പാടശേഖരങ്ങളില്‍ കിടക്കുന്ന കേടായ കൊയ്ത്തുമെഷീനുകള്‍ എത്രയും വേഗത്തില്‍ നീക്കം ചെയ്യണമെന്നും മാത്യു ടി. തോമസ് പറഞ്ഞു.
തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡ് ഭൂമിയേറ്റെടുക്കല്‍ പ്രവൃത്തികള്‍ വൈകിപ്പിക്കരുതെന്നും എംഎൽഎ ആവശ്യപ്പെട്ടു. സര്‍വേയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം. അടുത്ത ജില്ലാ വികസന സമിതിയില്‍ തീരുമാനം അറിയിക്കണമെന്നും എംഎല്‍എ പറഞ്ഞു.
തിരുവല്ല ടൗണിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനായി ഡിവൈഡറുകള്‍ സ്ഥാപിച്ച കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയെ നിയമിച്ചത് ആരാണെന്നും പരസ്യത്തില്‍നിന്നുള്ള വരുമാനം ആര്‍ക്കാണ് ലഭിക്കുന്നതെന്നും പോലീസ് അന്വേഷിക്കണമെന്നും എംഎല്‍എ പറഞ്ഞു. തിരുവല്ല ബൈപാസിലെ നാല് ജംഗ്ഷനുകളുടെ സൗന്ദര്യവത്ക്കരണം നടത്തണമെന്നും അതിനായുള്ള സ്പോണ്‍സര്‍മാരെ എത്രയും വേഗത്തില്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഡാമിലെ മണൽവാരി നദിയിലേക്ക്
തള്ളുന്നതു തടയണം
പെരുന്തേനരുവി ഡാമില്‍ പ്രളയത്തില്‍ അടിഞ്ഞുകൂടിയ ചെളിയും മണലും വാരി വീണ്ടും പന്പാനദിയിലേക്കു തള്ളുന്നതായി ശ്രദ്ധയില്‍പെട്ടതിനാല്‍ കെഎസ്ഇബി അടിയന്തരമായി ഇടപെടണമെന്നു പ്രമോദ് നാരായൺ എംഎൽഎ ആവശ്യപ്പെട്ടു. റാന്നിയിലെ പല പ്രദേശങ്ങളിലെയും വൈദ്യുത പോസ്റ്റുകള്‍ തമ്മില്‍ അകല്‍ച്ച കുറവാണ്. മാത്രമല്ല വൈദ്യുത ലൈനുകള്‍ താഴ്ന്ന് അപകടകരമാം വിധത്തില്‍ കിടക്കുന്നു. ഇക്കാര്യം കെഎസ്ഇബി പരിശോധിക്കണം. പ്രളയം ഉണ്ടാകുന്നതു കണക്കിലെടുത്തു ട്രാന്‍സ്ഫോമറുകള്‍ ഉയര്‍ത്തി വയ്ക്കണം.
പത്തനംതിട്ട - ളാഹ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തണം. സ്കൂള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ രാവിലെയും വൈകുന്നേരവും മലയോര മേഖലയിലേക്കുള്ള ബസ് സര്‍വീസ് നടത്തണമെന്നും സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും നിര്‍മാണ പ്രവർത്തനങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ പറഞ്ഞു.
ഗതാഗതക്കുരുക്കിനു
പരിഹാരം വേണം
പത്തനംതിട്ട സെന്റ പീറ്റേഴ്സ് ജംഗ്ഷന് മുതല്‍ കുമ്പഴ വരെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള മണ്‍കൂനകള്‍ എത്രയും വേഗത്തില്‍ നീക്കി ഗതാഗതകുരുക്ക് ഒഴിവാക്കണമെന്നു പത്തനംതിട്ട മുനിസിപ്പല്‍ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് പറഞ്ഞു. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കണം.
കളക്ടറേറ്റ്, മിനി സിവില്‍ സ്റ്റേഷന് എന്നിവിടങ്ങളിലെ എല്ലാ ഓഫീസുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസറെ നിയമിക്കണമെന്നും കൂടാതെ ഒരു നോഡല്‍ ഓഫീസര്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ അധ്യക്ഷത വഹിച്ചു.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്, തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദീന്‍, എഡിഎം ബി. രാധാകൃഷ്ണന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.