ജനജീവിതം സ്തംഭനത്തിൽ; സർക്കാർ ഇടപെടണം: എംപി
1297299
Thursday, May 25, 2023 11:13 PM IST
പത്തനംതിട്ട: വന്യമൃഗശല്യം കാരണം ജനജീവിതം സ്തംഭനത്തിലായ ജില്ലയിടെ കിഴക്കൻ മേഖലയിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആന്റോ ആന്റണി എംപി പത്രമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കടുവ, പുലി, ആന, കാട്ടുപോത്ത്, കാട്ടു പന്നി എന്നിവയുടെ നിരന്തരമായ ആക്രമണം കാരണം ജനങ്ങൾ ഭീതിയിലാണിപ്പോൾ. പെരുനാട്, വടശേരിക്കര മേഖലകൾ തുടർച്ചയായ കടുവ ആക്രമണം ഭീതിയിലാണ്. ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നു. മനുഷ്യർക്കു ദൈനംദിന ആവശ്യങ്ങൾക്കോ പുറംജോലികൾക്കോ പോകാനാകുന്നില്ല. അടുത്തയാഴ്ച സ്കൂളുകൾ കൂടി തുറക്കുമെന്നിരിക്കേ പ്രതിസന്ധിക്കു പരിഹാരം കാണണം. കുടിവെള്ളം ശേഖരിക്കാൻ പുറത്തേക്കു പോകേണ്ടവർ പോലും ഇപ്പോൾ വീടിനു വെളിയിലേക്കു വരാൻ ഭയപ്പെടുകയാണ്. കുളിക്കാനും മറ്റുമായി നദികളെ ആശ്രയിച്ചിരുന്നവരും പ്രതിസന്ധിയിലായി.
വളർത്തു മൃഗങ്ങളിൽ ഉപജീവനം നടത്തിവരുന്നവർ ഇവയെ സംരക്ഷിക്കാനായി വീടിനുള്ളിൽ കെട്ടിയിടേണ്ട സാഹചര്യമായി. വളർത്തു നായ്ക്കളെ അടക്കം ദിനംപ്രതി നഷ്ടമായിക്കൊണ്ടിരിക്കുന്നു. കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായ പന്പാവാലി, എയ്ഞ്ചൽവാലി മേഖലകളിലും സമാനമായ കടുവ ഭീതിയുണ്ടെന്ന് എംപി ചൂണ്ടിക്കാട്ടി.
നാട്ടിലിറങ്ങുന്ന
വന്യമൃഗങ്ങളെ
വെടിവയ്ക്കണം:
എ.പി. ജയൻ
റാന്നി: മനുഷ്യജീവനു ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാനുള്ള നടപടിക്കായി നിയമത്തിൽ ഭേദഗതി വരുത്തണമെന്നു സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ. സിപിഐ റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഎഫ് ഓഫീസിലേക്കു നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റാന്നി, കോന്നി പ്രദേശങ്ങളിലെ മലയോര നിവാസികളുടെ ആശങ്കയകറ്റാൻ വനംവകുപ്പും സർക്കാരും അടിയന്തര നടപടി സ്വീകരിക്കണം.
മണ്ഡലം സെക്രട്ടറി ജോജോ കോവൂർ അധ്യക്ഷത വഹിച്ചു. സന്തോഷ് കെ. ചാണ്ടി, ലിസി ദിവാൻ ആർ.നന്ദകുമാർ, വി.ടി.ലാലച്ചൻ, അങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സതീഷ്കുമാർ, സി.സുരേഷ്, ജോർജ് മാത്യു, കബീർ തുലാപ്പള്ളി, സജിമോൻ കടയിനിക്കാട്, കെ.കെ. വിലാസിനി എന്നിവർ പ്രസംഗിച്ചു.
ജോലികൾ നിലച്ചു; വീടുകളിൽ പട്ടിണി
മലയോര മേഖലകളിൽ റബർ ടാപ്പിംഗും പശുവളർത്തലും നിലച്ചു. മിക്കവരുടെയും ജീവിതമാർഗം അടഞ്ഞതോടെ വീടുകളിൽ പട്ടിണിയാണ് കടമെടുത്തവർ ബാങ്ക് ജപ്തി ഭീഷണിയിലുമാണ്. പല സ്ഥലങ്ങളും കാടിനു സമാനമായ അന്തരീക്ഷത്തിലാണിപ്പോൾ. വീടുകളാകട്ടെ വളർന്നുവന്ന കാടിനു നടുവിലുമാണ്.
വനമേഖലകളിലെ സോളാർ വേലികളിൽ കാടു വളർന്നതോടെ ഉപയോഗശൂന്യമായി. അടിക്കാടുകൾ നീക്കം ചെയ്യാത്തതു കാരണം സ്ഥലങ്ങൾ വനം പേലെയായിട്ടുണ്ട് സ്ഥലങ്ങൾ. കാട് നീക്കം ചെയ്യാൻ സർക്കാർ ഫണ്ട് അനുവദിക്കണം. കൃഷി നിലച്ച് ബുദ്ധിമുട്ടിലായ കർഷകരുടെ കൈവശം കാടു തെളിക്കാൻ പണമില്ല. അതിന്റെ പേരിൽ ആളുകളെ ബുദ്ധിമുട്ടിക്കുന്നതു ശരിയല്ലെന്ന് എംപി പറഞ്ഞു.
ജനപങ്കാളിത്തത്തോടെ 30നു സത്യഗ്രഹം
ജനപങ്കാളിത്തത്തോടെ റാന്നി ഇട്ടിയപ്പാറയിൽ 30ന് സത്യഗ്രഹം നടത്തുമെന്ന് ആന്റോ ആന്റണി പറഞ്ഞു. നാളെ നടത്താനിരുന്നു സത്യഗ്രഹം കൂടുതൽ ജനപങ്കാളിത്തത്തോടെ റാന്നി ഇട്ടിയപ്പാറയിൽ 30നു നടത്താൻ മാറ്റുകയായിരുന്നു.
സർക്കാർ നിസംഗത വെടിയണമെന്നാവശ്യപ്പെട്ടാണ് സമരം. ജില്ലാ ഭരണകൂടം ഒരു ഇടപെടലും നടത്തുന്നില്ല. മനുഷ്യജീവനു ഭീഷണിയാകുന്ന മൃഗത്തെ വെടിവച്ചുകൊല്ലാൻ നിയമം അനുവദിക്കുന്നുണ്ട്. ഇക്കാര്യം പാർലമെന്റിൽ പലതവണ വ്യക്തമാക്കപ്പെട്ടതാണ്. എന്നാൽ, ഭീഷണിയിൽ കഴിയുന്ന ജനവിഭാഗത്തിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കാൻ പോലും ജില്ലാ ഭരണകൂടം തയാറായിട്ടില്ലെന്ന് എംപി കുറ്റപ്പെടുത്തി. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.