ഹയർ സെക്കൻഡറി: പത്തനംതിട്ടയ്ക്ക് 76.59 ശതമാനം വിജയം
1297298
Thursday, May 25, 2023 11:13 PM IST
പത്തനംതിട്ട: ഹയർ സെക്കൻഡറി പ്ലസ്ടു പരീക്ഷയിൽ ജില്ലയിൽ 76.59 ശതമാനം വിജയം.
ജില്ലയിലെ 82 ഹയർ സെക്കൻഡറി സ്കൂളുകളിലായി 11326 കുട്ടികൾ രജിസ്റ്റർ ചെയ്തുവെങ്കിലും 11249 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 8616 കുട്ടികൾ ഉപരിപഠന യോഗ്യത നേടി. 808 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
ടെക്നിക്കൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 223 കുട്ടികളിൽ 197 പേർ വിജയികളായി. 88.34 ശതമാനം വിജയം. 22 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസുണ്ട്. ഓപ്പൺ സ്കൂളിൽ 20 കുട്ടികളാണ് പരീക്ഷയെഴുതിയത്. 19 പേരും ഉപരിപഠന യോഗ്യത നേടി. 95 ശതമാനം വിജയം.
നൂറു ശതമാനം വിജയം
മണക്കാല സിഎസ്ഐ എച്ച്എസ്എസ് ഫോർ ഡെഫ് സ്പെഷൽ സ്കൂൾ വിഭാഗത്തിൽ നൂറു ശതമാനം വിജയം നേടി. വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിനും നൂറു ശതമാനം വിജയമുണ്ട്. മണ്ണടി എംകെജിഎഎം എച്ച്എസ്എസ്, കിഴക്കുപുറം ജിഎച്ച്എസ്എസിലും പരീക്ഷ എഴുതിയ എല്ലാ കുട്ടികളും വിജയിച്ചു.
വിജയശതമാനം ഉയർന്നെങ്കിലും സ്ഥാനം പതിനാലാമത്
പത്തനംതിട്ട: പ്ലസ് ടു ഫലം വന്നപ്പോൾ ജില്ലയിൽ വിജയശതമാനം ഉയർന്നെങ്കിലും സംസ്ഥാനതലത്തിൽ പതിനാലാം സ്ഥാനം ഇക്കുറിയും പത്തനംതിട്ടയ്ക്കാണ്. കഴിഞ്ഞവർഷം 75.91 ശതമാനമായിരുന്നു ഹയർ സെക്കൻഡറി പരീക്ഷയിലെ വിജയമെങ്കിൽ ഇത്തവണ 76.59 ശതമാനത്തിലേക്കുയർന്നു. 2022ൽ സംസ്ഥാനത്തു പതിമൂന്നാംസ്ഥാനത്തായിരുന്നു പത്തനംതിട്ടയുടെ വിജയശതമാനം.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം കഴിഞ്ഞ വർഷം 568 ആയിരുന്നുവെങ്കിൽ ഇത്തവണ അത് 808 ആയി ഉയർന്നു. ടെക്നിക്കൽ വിഭാഗത്തിൽ 2022ൽ 88 ശതമാനമായിരുന്ന വിജയമെങ്കിൽ ഇത്തവണ അത് 88. 34 ശതമാനമായി.
വിഎച്ച്എസ്ഇയിൽ 68.48 ശതമാനം വിജയം
വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 1548 കുട്ടികൾ പരീക്ഷയെഴുതിയതിൽ 1060 പേരാണ് വിജയിച്ചത്. 68.48 ശതമാനമാണ് വിജയം. സംസ്ഥാനാടിസ്ഥാനത്തിൽ വിഎച്ച്എസ്ഇയിൽ ജില്ലയ്ക്ക് പതിനാലാം സ്ഥാനമാണ്.
അടൂർ പന്നിവിഴ ഡോ. സി.ടി. ഈപ്പൻ മെമ്മോറിയൽ സെന്റ് തോമസ് വിഎച്ച്എസ്എസാണ് വിജയശതമാനത്തിൽ മുന്നിലെത്തിയത്. 44 കുട്ടികൾ പരീക്ഷയെഴുതിയതിൽ 41 പേരും വിജയിച്ചു. 93.18 ശതമാനം വിജയം സ്കൂളിനു ലഭിച്ചു.
തിരുവല്ല സിഎസ്ഐ വിഎച്ച്എസ്എസ് ഫോർ ഡെഫിൽ 22 കുട്ടികൾ പരീക്ഷയെഴുതിയതിൽ 21 പേരും ഉപരിപഠന യോഗ്യത നേടി. 95.45 ശതമാനമാണ് വിജയം.
കഴിഞ്ഞവർഷം വിഎച്ച്എസ്ഇയിൽ 1599 പേർ പരീക്ഷ എഴുതിയതിൽ 1144 പേർ ഉപരി പഠനത്തിന് യോഗ്യത നേടി. 71.54 ശതമാനമായിരുന്നു വിജയം. 2021ൽ 67.99 ആയിരുന്നു വിജയശതമാനം.
പേരുദോഷം എന്നും പത്തനംതിട്ടയ്ക്ക്
ഹയർസെക്കൻഡറി ഫലത്തിൽ പിന്നിലെന്ന പേരുദോഷം മാറ്റാൻ ഇക്കുറിയും പത്തനംതിട്ടയ്ക്കായില്ല. 2021ൽ 82.53 വിജയശതമാനം ഉണ്ടായിരുന്നെങ്കിലും സംസ്ഥാനാടിസ്ഥാനത്തിൽ പതിനാലാം സ്ഥാനത്തായിരുന്നു.
2020ലും 82.74 ശതമാനവുമായി ജില്ല ഏറ്റവും പിന്നിലായിരുന്നു. 2019ൽ 78 ശതമാനം, 2018ൽ 77.16 ശതമാനം എന്നിങ്ങനെയായിരുന്നു വിജയം. 2011 മുതൽ ഹയർ സെക്കൻഡറി വിജയ ശതമാനം ഉയർത്താൻ ജില്ലയ്ക്കാകുന്നില്ല.
കാരണങ്ങൾ കണ്ടെത്തിയെങ്കിലും,
കൈത്താങ്ങാകാനായില്ല
സ്ഥിരമായി പിന്നിലായ പത്തനംതിട്ടയുടെ ഹയർ സെക്കൻഡറി ഫലം ഉയർത്താൻ പല പദ്ധതികളും തയാറാക്കിയതാണ്. എന്നാൽ കതിരിൽ വളംവയ്ക്കുന്നതുപോലെയാണ് എല്ലാവർഷവും ഈ പദ്ധതികൾ.
വിജയശതമാനം ഉയർത്താൻ ജില്ലാ പഞ്ചായത്തിന് 2014 മുതൽ പദ്ധതികളുണ്ട്. ആദ്യ രണ്ടുവർഷങ്ങളിൽ നേരിയ ഉയർച്ച ഉണ്ടായെങ്കിലും പിന്നീട് ഇതു താഴേക്കു പോയി. പോരായ്മകൾ കണ്ടെത്താൻ പഠനങ്ങൾ പലതും നടന്നു. വിദഗ്ധരെ ഉപയോഗിച്ച് ക്ലാസുകൾ നടത്തി. എന്നാൽ ഫലം വരുന്പോൾ വീണ്ടും പിന്നിലേക്കെന്നതാണ് സ്ഥിതി.
എസ്എസ്എൽസി വിജയശതമാനം ഉയർന്നു നിൽക്കുന്പോഴും ഹയർ സെക്കൻഡറിയിലെ ഫലം താഴേക്കു പോകുന്നതാണ് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നത്.
സീറ്റുകൾ വേണ്ടുവോളം, പഠനം മെച്ചമല്ല
എസ്എസ്എൽസി പരീക്ഷയിൽ കടന്നുകൂടുന്നവരടക്കം എല്ലാവർക്കും തുടർ പഠനത്തിന് പ്ലസ്ടു സീറ്റുകൾ പത്തനംതിട്ടയിൽ ലഭ്യമാണ്. എല്ലാവർക്കും പ്രവേശനം നൽകിയാലും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സ്ഥിതിയാണ് ജില്ലയിലുള്ളത്. 82 സ്കൂളുകളിൽ ഹയർ സെക്കൻഡറിയുണ്ടെങ്കിലും പല ബാച്ചുകളും കുട്ടികളില്ലെന്ന പേരിൽ നിർത്തിയിട്ടിരിക്കുകയാണ്.
ഏകജാലക പ്രവേശനത്തിലൂടെ ഉന്നതനിലവാരം പുലർത്തുന്ന സ്കൂളുകളും ബാച്ചുകളും തെരഞ്ഞെടുത്ത് കുട്ടികൾ പ്രവേശനം നേടാറുണ്ട്.
എസ്എസ്എൽസി ഗ്രേഡ് കുറവായ കുട്ടികൾ കൂട്ടത്തോടെ പിന്നീട് ഗ്രാമീണ മേഖലയിലെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ബാച്ചുകളിലേക്ക് എത്തുന്നു. ഇവർക്കാവശ്യമായ അടിസ്ഥാന പഠന സൗകര്യം പോലും പലയിടത്തും ഉണ്ടാകാറില്ല. സ്ഥിരം അധ്യാപകരുടെ കുറവ്, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ട്യൂഷന്റെ അഭാവം, ഹയർസെക്കൻഡറി ഡയറക്ടറേറ്റിന്റെ ഇടപെടൽ ഇല്ലായ്മ, ഇംഗ്ലീഷ് വിഷയങ്ങളിൽ പ്രത്യേക പരിശീലനം ഇല്ലാത്തത് തുടങ്ങിയവ ഫലം മോശമാകാൻ കാരണമായി വിലയിരുത്തപ്പെടുന്നു.