മുറ്റത്തു ചോരപ്പാടുകൾ; കൂടു തകർത്ത് ആടുവേട്ട
1297297
Thursday, May 25, 2023 11:13 PM IST
വടശേരിക്കര: കാട്ടാനയുടെയും കാട്ടുപോത്തിന്റെയുമൊക്കെ നിരന്തര ശല്യം ഉണ്ടാകുന്ന പ്രദേശമായ കുന്പളത്താമണ്ണിൽ കടുവയും. ഇന്നലെ പുലർച്ചെ നാലോടെയാണ് വടശേരിക്കര ഒന്പതാം വാർഡ് പ്രദേശമായ കുന്പളത്താമൺ മണപ്പാട്ട് രാമചന്ദ്രൻ നായരുടെ വീട്ടുമുറ്റത്തേക്കു കടുവ എത്തിയതെന്നു കരുതുന്നു. വീടിനോടു ചേർന്ന സ്ഥലത്തു പലകകൊണ്ട് നിർമിച്ചതാണ് ആട്ടിൻ തൊഴുത്ത്. ഇതു പൊളിച്ചാണ് കടുവ ഉള്ളിൽ കടന്നു തള്ള ആടിനെ പിടിച്ചത്.
രാവിലെ എഴുന്നേൽക്കുന്പോൾ മുറ്റത്തു ചോരപ്പാടുകൾ കണ്ടപ്പോഴാണ് കൂട്ടിൽ പരിശോധിച്ചതെന്നു രാമചന്ദ്രൻ നായർ പറഞ്ഞു. ആടിനെ നഷ്ടപ്പെട്ട വിവരം അപ്പോഴാണ് മനസിലായത്. കാട്ടാനയെ ഭയന്നു വീടിനു ചുറ്റും ലൈറ്റുകൾ പ്രകാശിപ്പിച്ചിരുന്നു. എന്നാൽ, കടുവയുടെ വരവ് പ്രതീക്ഷിച്ചിരുന്നില്ല. കൂട്ടിലെ മറ്റ് ആടുകളും ഭയന്നിട്ടുണ്ടായിരുന്നു.
വിമുക്തഭടനായ രാമചന്ദ്രൻ നായർ നാട്ടിലെത്തിയ ശേഷം കൃഷികളും ആടു വളർത്തലുമൊക്കെയായി കഴിയുകയാണ്. കാട്ടാനയും കുരങ്ങുമൊക്കെ ശല്യക്കാരായി മാറിയതോടെ കൃഷികൾക്ക് ഏറെ നഷ്ടമാണ് പലപ്പോഴും ഉണ്ടാകുന്നത്. ഇപ്പോൾ കടുവയെയും ഭയക്കണമെന്നായി.
ഭീകരമായ ദൃശ്യം
പൂർണ ഗർഭാവവസ്ഥയിലുള്ള ആടിനെയാണ് ഇന്നലെ കടുവ പിടിച്ചത്. ആക്രമണത്തിനിരയായ ആടിനെ കടുവ വലിച്ചിഴച്ചുകൊണ്ടുപോകുന്നതിനിടെ മൂന്നു കുട്ടികൾ പുറത്തുവന്നു. രാവിലെ ആളുകളെത്തുന്പോഴേക്കും ഇവയുടെ ജീവൻ നഷ്ടപ്പെട്ട അവസ്ഥയിൽ തള്ള ആടിന്റെ സമീപത്തുണ്ടായിരുന്നു. 300 മീറ്റർ അകലെ ആടിന്റെ ജഡം ഉപേക്ഷിച്ചു കടുവ മടങ്ങുകയായിരുന്നു. സാധാരണ നിലയിൽ ആടിനെ പിടിച്ചാൽ ഭാഗികമായി ഭക്ഷിക്കുന്ന രീതിയാണ് കടുവയുടേത്. എന്നാൽ, ഇതിനെ ഉപേക്ഷിച്ചു പോയത് എന്താണെന്നു വ്യക്തമല്ല. തിങ്കളാഴ്ച രാത്രി ചെന്പരത്തിൻമൂട് ഭാഗത്ത് സദാനന്ദന്റെ വീട്ടിൽനിന്നു പിടികൂടിയ ആടിനെ ഭക്ഷിച്ചിരുന്നു.
പെരുനാട് കോളാമലയിൽ മൂന്നാഴ്ച മുന്പ് പിടിച്ച ആടിനെയും കടുവ ഭക്ഷിച്ചിരുന്നു. എന്നാൽ, ആക്രമിച്ചു കൊന്ന പശുക്കളുടെ ജഡം ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു. വലിയ മൃഗങ്ങളെ കൊന്നാൽ സാധാരണ നിലയിൽ ഒരു ദിവസം കഴിഞ്ഞു മടങ്ങിയെത്തി ഭക്ഷിക്കുകയാണ് പതിവ്. ആടിന്റെ ജഡം തേടി കടുവ വീണ്ടുമെത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇതിനു സമീപം കൂട് സ്ഥാപിച്ചിട്ടുണ്ട്. ആടിന്റെ ജഡവും ഇതിൽ വച്ചിരിക്കുകയാണ്.
കാട്ടാനയും
കാട്ടുപോത്തും ഇറങ്ങി
കടുവ ഭീതിയിൽ കഴിയുന്ന വടശേരിക്കര ബൗണ്ടറി, ഒളികല്ല് ഭാഗങ്ങളിൽ കഴിഞ്ഞ രാത്രിയും കാട്ടാനയും കാട്ടുപോത്തുമെല്ലാം ഇറങ്ങി.
ഭയാനകമായ അന്തരീക്ഷമാണ് ഇവ നിലനിൽക്കുന്നത്. തുടർച്ചായ വന്യമൃഗ ഭീഷണിയിലാണ് വടശേരിക്കര പഞ്ചായത്തിലെ വിവിധ വാർഡുകൾ. വനമേഖലയിൽനിന്നു വിദൂരത്തിലുള്ള പ്രദേശങ്ങളിൽ പോലും വന്യമൃഗങ്ങളെത്തിക്കൊണ്ടിരിക്കുന്നു. വടശേരിക്കര ടൗണിൽനിന്നു രണ്ടു കിലോമീറ്റർ അകലെവരെ ഇവയുടെ സാന്നിധ്യമുണ്ടായി. ബൗണ്ടറിയിൽ കഴിഞ്ഞയാഴ്ച മുതൽ കാട്ടാനക്കൂട്ടത്തിന്റെ നിരന്തരശല്യമുണ്ട്.
പെരുനാട് ബഥനിമല, കോളാമല ഭാഗങ്ങളിൽ ഒരു മാസത്തിലേറെയായി കടുവ ഭീഷണി നിലനിന്നിരുന്നു.
ഈ ഭാഗങ്ങളിലെ തോട്ടങ്ങളിൽനിന്നു കാട് തെളിച്ചു തുടങ്ങിയതിനു പിന്നാലെയാണ് വടശേരിക്കര ഭാഗത്തേക്കു കടുവ നീങ്ങിയതെന്നു പറയുന്നു. ചെന്പരത്തിൻമൂട് സദാനന്ദന്റെ വീട്ടിൽനിന്ന് ആടിനെ കൊണ്ടുപോയതിനു പിറ്റേന്നു മണിമലേത്തു റബർ തോട്ടത്തിൽ ടാപ്പിംഗിനെത്തിയ റെജിയുടെ മുന്പിൽ കടുവ എത്തി. തോട്ടത്തിൽ കാട്ടുപോത്ത് പകൽ പോലുമെത്തുന്നുണ്ട്.
കോളാമല റോഡിലും
കടുവ
പെരുനാട് പഞ്ചായത്തിലെ കൂനംകര - കോളാമല റോഡില് ഇന്നലെ രാവിലെ കടുവയെ കണ്ടതായി പരിസരവാസിയായ ശശിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നു വനപാലകർ പറഞ്ഞു. രാവിലെ ജോലിക്കു പോകുന്പോൾ കടുവയെ കണ്ടുവെന്നാണ് ശശി പറയുന്നത്. മൂന്നാഴ്ച മുന്പ് രാത്രിയിൽ ബൈക്ക് യാത്രക്കാരുടെ മുന്പിലൂടെ കടുവ റോഡ് കുറുകെ ചാടിയിരുന്നു.
പമ്പാവാലി എയ്ഞ്ചല്വാലിക്കു സമീപം കേരപ്പാറയിയില് ടാപ്പിംഗ് തൊഴിലാളിക്കു നേരെ ഇന്നലെ കടുവയുടെ ആക്രമണം ഉണ്ടായതായും പറയുന്നു. ടാപ്പിംഗ് തൊഴിലാളി ശിവന് പിള്ളയ്ക്കു നേരെയാണ് കടുവ ചാടിയടുത്തത്.