ആദിവാസി ഊരില്‍ യുവതി മരിച്ച സംഭവം; ഡിഎംഒയും സംഘവും സ്ഥലം സന്ദർശിച്ചു
1297075
Wednesday, May 24, 2023 11:04 PM IST
സീതത്തോട്: ആദിവാസി ഊരില്‍ യുവതി മരിച്ച സംഭവുമായി ബന്ധപ്പെട്ട് സീതത്തോട് പഞ്ചായത്തിലെ സായിപ്പുംകുഴി കോളനി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതകുമാരി സന്ദര്‍ശിച്ചു. സീതത്തോട് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. വിന്‍സന്റ്് സേവ്യര്‍ ഉള്‍പ്പെട്ടെ മെഡിക്കല്‍ ടീം ഡിഎംഒയോടൊപ്പം ഉണ്ടായിരുന്നു. നിലവില്‍ പനി ഉള്ളവരെ രക്ത പരിശോധന നടത്തി ആശുപത്രിയില്‍ എത്തിച്ച് തുടര്‍ ചികിത്സയ്ക്കുള്ള സൗകര്യം ക്രമീകരിക്കും. കൂടാതെ ഈ പ്രദേശത്ത് വരുംദിവസങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കടുത്ത പനി ബാധിച്ച് ചികിത്സയിലിരിക്കെ സുമിത്ര (24)യാണ് കഴിഞ്ഞദിവസം മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കവേയാണ് സുമിത്രയുടെ മരണം. പനി ബാധിതയായ സുമിത്രയ്ക്ക് ആദ്യഘട്ടത്തിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് മാതാവ് രാജമ്മ ആരോപിച്ചിരുന്നു. മൂഴിയാർ വനത്തിലെ സായിപ്പുംകുഴി കോളനിയിലാണ് ഇവരുടെ താമസം. ഈ ഭാഗത്ത് നിരവധി ആളുകളിൽ പനി പടരുന്നതായി അറിഞ്ഞാണ് ആരോഗ്യവകുപ്പ് സംഘം സന്ദർശനം നടത്തിയത്. സുമിത്രയുടെ കുടുംബം ഇതിനിടെ ചോരകക്കി ഭാഗത്തേക്കു മാറുകയും ചെയ്തു.
പ്രമോട്ടർമാരെ നിയമിക്കും
ആദിവാസി ഊരിൽ കഴിഞ്ഞ രണ്ടുമാസമായി എസ്ടി പ്രമോട്ടർമാരില്ലെന്ന ആക്ഷേപത്തേ തുടർന്ന് നിയമനത്തിനു നടപടിയായി. ആദിവാസികൾക്കിടയിലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ യഥാസമയം പുറംലോകത്തേക്ക് അറിയിക്കുന്നത് പ്രമോട്ടർമാരാണ്.
പ്രമോട്ടർമാരെ നിയമിക്കണമെന്ന ആവശ്യം കോളനി സന്ദർശിച്ച നിയമസഭ സമിതിയും മുന്നോട്ടുവച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരു യുവതി ചികിത്സ ലഭിക്കാതെ മരിച്ചതോടെയാണ് പ്രമോട്ടർമാരുടെ നിയമനം സംബന്ധിച്ച നടപടികൾ ഊർജിതമായത്.
പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ പ്രമോട്ടറായി നിയമിക്കപ്പെടുന്നതിലേക്ക് അര്‍ഹരായ പട്ടികജാതിവിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചുകൊണ്ട് പട്ടികജാതി വികസനവകുപ്പ് ഇന്നലെ ഉത്തരവിറക്കി. പട്ടികജാതിക്കാരെയാണ് നിയമിക്കുന്നത്.
താത്പര്യമുള്ളവര്‍ നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ , ബന്ധപ്പെട്ട തദേശ സ്വയംഭരണസ്ഥാപന സെക്രട്ടറിയില്‍നിന്നുള്ള റസിഡന്റ്്സ് സര്‍ട്ടിഫിക്കറ്റ് , പാസ്പോര്‍ട്ട്സൈസ് ഫോട്ടോ എന്നിവ സഹിതം ജൂണ്‍ അഞ്ചിന് വൈകുന്നേരം അഞ്ചിന് മുമ്പായി ജില്ലാ പട്ടികജാതിവികസന ഓഫീസില്‍ നല്‍കണം. ഫോണ്‍ - 0468 2322712.