ശല്യക്കാരായ വന്യമൃഗങ്ങളെ കണ്ടാലുടൻ വെടിവയ്ക്കണം: പുതുശേരി
1297074
Wednesday, May 24, 2023 11:04 PM IST
റാന്നി: ദിനംപ്രതി കടുവ ഇറങ്ങി പ്രശ്നം അതീവ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നാട്ടിലിറങ്ങുന്ന വന്യജീവികളെ കണ്ടാലുടൻ വെടിവയ്ക്കാനുള്ള നിർദേശം നൽകണമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശേരി. വന്യജീവികൾ നാട്ടിലിറങ്ങി നടത്തുന്ന അക്രമങ്ങൾ സ്ഥിരം പതിവായിട്ടും അതിനെ ഫലപ്രദമായി പ്രതിരോധിച്ച് ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പാക്കേണ്ട സർക്കാർ പുലർത്തുന്ന നിസംഗത കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കടുവ ഭീഷണിയിലായ വടശേരിക്കര ബൗണ്ടറി ചെന്പരത്തിൽമൂട്, ഒളികല്ല് ഭാഗങ്ങൾ ജോസഫ് എം.പുതുശേരിയും കേരള കോൺഗ്രസ് നേതാക്കളും സന്ദർശിച്ചു.
നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ ഉറക്കം പോലും നഷ്ടപ്പെട്ട് ജനങ്ങൾ ഭയവിഹ്വലരായി കഴിയുകയാണ്. വന്യമൃഗശല്യം നേരിടാൻ ഒരു ആക്ഷൻ പ്ലാൻ തയാറാക്കാൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല ജനങ്ങളുടെ പ്രതിഷേധത്തെയും അതിനുവേണ്ടി ഉയരുന്ന മുറവിളികളെയും അപഹസിക്കാനാണ് വനം മന്ത്രിയും സർക്കാരും ശ്രമിക്കുന്നതെന്നും പുതുശേരി കുറ്റപ്പെടുത്തി.
കേരള കോൺഗ്രസ് ജില്ല സെക്രട്ടറി ഷാജൻ മാത്യു, റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് രാജീവ് താമരപ്പള്ളി, രഘു വേങ്ങാട്ടൂർ എന്നിവരും കടുവ ഭീതിയിലായ പ്രദേശങ്ങൾ സന്ദർശിച്ചു.