വന്യമൃഗഭീഷണി; എംപിയുടെ സത്യഗ്രഹം 27ന്
1297073
Wednesday, May 24, 2023 11:04 PM IST
പത്തനംതിട്ട: നിരന്തരമായ വന്യമൃഗ ഭീഷണി നേരിടുന്ന മലയോര കർഷകർക്കു സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് 27ന് വനം റാന്നി ഡിവിഷൻ ഓഫീസിനു മുന്പിൽ സത്യഗ്രഹം നടത്തുമെന്ന് ആന്റോ ആന്റണി എംപി അറിയിച്ചു.
വടശേരിക്കര ബൗണ്ടറി, ചെന്പരത്തിൽമൂട്, ഒളികല്ല്, പെരുനാട് ബഥനിമല, കോളാമല പ്രദേശങ്ങൾ ദിവസങ്ങളായി വന്യമൃഗ ഭീഷണിയിലാണ്.
കടുവയുടെ നിരന്തരമായ ശല്യം ഈ ഭാഗത്തുണ്ടാകുന്നു. ജനങ്ങൾ ബന്ദികളാക്കപ്പെട്ടിരിക്കുകയാണ്. സാധാരണ ജനജീവിതംതന്നെ താറുമാറായി. തൊഴിലിനു പോലും പോകാനാത്ത സ്ഥിതിയാണ്.
അടുത്തയാഴ്ച സ്കൂളുകൾ കൂടി തുറക്കുന്നതോടെ വന്യമൃഗ ഭീഷണിമൂലമുള്ള ബുദ്ധിമുട്ടേറും. ജനങ്ങളുടെ ദുരിതം നേരിട്ടറിയാൻ മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ തയാറായിട്ടില്ല.
അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ നടപടി ഉണ്ടാകണം. ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ ഇടപെടൽ നടത്താൻ തയാറാകണമെന്നും എംപി ആവശ്യപ്പെട്ടു.