കൺമുന്നിൽ വീണ്ടും കടുവ ; ടാപ്പിംഗ് തൊഴിലാളി സജി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1297072
Wednesday, May 24, 2023 11:04 PM IST
വടശേരിക്കര: കടുവ ഭീതിയിലായ വടശേരിക്കര ഗ്രാമത്തിൽ ഇന്നലെ ടാപ്പിംഗ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വടശേരിക്കര ഒളികല്ല് മണിമലേത്ത് തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളി സജിയുടെ മുന്‍പിലാണ് ഇന്നലെ രാവിലെ കടുവ എത്തിയത്. കടുവയെ കണ്ട സജി റബർ മരത്തിൽ ചാടിക്കയറാൻ ശ്രമിച്ചു. താഴെ വീണതോടെ ഭയന്നോടിയ സജി വീടിന്റെ കുളിമുറിയിൽ കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്. ഈ സമയം ഭീതിജനകമായ തരത്തിൽ മുരണ്ടുകൊണ്ടു കടുവ തോട്ടത്തിൽത്തന്നെ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ കടുവയെ കണ്ട ബൗണ്ടറി ചെമ്പരത്തിൽമൂട് ഭാഗത്തിനു തൊട്ടടുത്ത ഒളികല്ല് താമരപ്പള്ളില്‍ എസ്റ്റേറ്റിനോടു ചേര്‍ന്നതാണ് മണിമലേത്തു തോട്ടം. രാവിലെ ടാപ്പിംഗിനിറങ്ങിയതായിരുന്നു സജി. വെച്ചൂച്ചിറ സ്വദേശിയായ സജി തോട്ടത്തിൽ താമസിച്ചാണ് ടാപ്പിംഗ് നടത്തുന്നത്.
തൊട്ടുപിന്നിൽ കടുവ
പതിവില്ലാത്ത വിധം ബഹളം കൂട്ടിയ കുരങ്ങുകളെ ഓടിക്കാനായി പടക്കം പൊട്ടിച്ചശേഷം തിരിഞ്ഞുനോക്കുമ്പോള്‍ തൊട്ടു പിന്നില്‍ കടുവയെ കാണുകയായിരുന്നുവെന്നു സജി പറയുന്നു.
താൻ കണ്ടുവെന്നു മനസിലായതോടെ കടുവ മുരണ്ടു. ഇതു കേട്ടതോടെ ഭയന്നു പോയ താൻ റബർ മരത്തിലേക്കു ചാടിക്കയറാൻ ശ്രമിച്ചു. തൊട്ടുതാഴെ കടുവയും. എല്ലാം അവസാനിച്ചെന്നു കരുതിയ നിമിഷമായിരുന്നു അത്.
വെപ്രാളത്തിനിടെ മരത്തിൽനിന്നു താഴെ വീണു. അലറിക്കൊണ്ട് ഓടി വീടിന്റെ കുളിമുറിയില്‍ കയറി കതകടച്ചു. തന്റെ അലർച്ച കേട്ട് ഭാര്യയും ഉച്ചത്തില്‍ ബഹളം വച്ചതോടെ കടുവ തൊട്ടടുത്ത തോട്ടത്തിലേക്കു പോയി. സമീപവാസികളെ വിളിച്ചു പിന്നീടു വിവരം പറയുകയായിരുന്നു. വീഴ്ചയിൽ കൈകാലുകൾക്കു പരിക്കേറ്റ സജി ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വെച്ചൂച്ചിറയിലെ വീട്ടിലേക്കു വിശ്രമത്തിനായി പോയി.
ഒരു കൂടു കൂടി സ്ഥാപിക്കും
വനപാലകര്‍ രാവിലെതന്നെ സ്ഥലത്തെത്തി. ചെമ്പരത്തിൽമൂട് ഭാഗത്തെ വാലുമണ്ണില്‍ സദാനന്ദന്റെ വീട്ടില്‍നിന്നു തിങ്കളാഴ്ച രാത്രി ആട്ടിന്‍കുട്ടിയെ കടുവ പിടിച്ചിരുന്നു. ഇതിനു പിന്നാലെ പ്രദേശത്തു വനപാലകര്‍ തെരച്ചില്‍ നടത്തിവരികയാണ്. താമരപ്പള്ളില്‍ എസ്റ്റേറ്റില്‍ കൂട് സ്ഥാപിച്ചു സമീപത്ത് ഒരു ആട്ടിന്‍കുട്ടിയെയും കെട്ടിയിട്ടിട്ടുണ്ട്. കാടുകയറി കിടക്കുന്ന തോട്ടങ്ങള്‍ തെളിക്കാനുള്ള ജോലികളും ആരംഭിച്ചു.
മണിമലേത്ത് തോട്ടത്തിൽക്കൂടി ഒരു കൂട് സ്ഥാപിക്കുമെന്നു വനപാലകർ അറിയിച്ചു. ഇന്നലെ ഇതു കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇന്നു കൂട് എത്തിക്കും. താമരപ്പള്ളിൽ എസ്റ്റേറ്റിനോടു ചേർന്നു സോളാർ വേലികൾ സ്ഥാപിക്കുന്ന ജോലി തുടങ്ങിയിട്ടുണ്ട്. ഇതിനായി പ്രദേശവാസികളുടെ കൂടി സഹകരണത്തിൽ കാടു തെളിച്ചുവരികയാണ്.
വെടിവച്ചുകൊല്ലാൻ നിയമം വേണം
നാട്ടിലിറങ്ങുന്ന കടുവകളെയും കാട്ടുപോത്തുകളെയും വെടിവെച്ചുകൊല്ലാൻ നിയമം കൊണ്ടുവരണം എന്ന് മുൻ എംഎൽഎ രാജു ഏബ്രഹാം ആവശ്യപ്പെട്ടു. വടശേരിക്കര മേഖലയിൽ കടുവയെ കണ്ട സ്ഥലങ്ങൾ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. നാട്ടിൽ ഉറങ്ങുന്ന മൃഗങ്ങളെ വെടിവച്ചു കൊല്ലാൻ കേന്ദ്ര നിയമത്തിൽ മാറ്റം വരുത്തണം. ഇതിനു സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടണം. വന്യജീവി ആക്രമണം തുടരുകയാണെങ്കിൽ ജനങ്ങൾ നിയമം കൈയിലെടുക്കുന്ന അവസ്ഥ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വടശേരിക്കര, പെരുനാട് പഞ്ചായത്തുകളിൽ തുടർച്ചയായി ഭീതി പരത്തുന്ന കടുവയെ പിടികൂടാനോ വെടിവച്ചുകൊല്ലാനോ അടിയന്തര നടപടി സ്വീകരിക്കണമെന്നു ഡിസിസി ജനറൽ സെക്രട്ടറി ലിജു ജോർജ് ആവശ്യപ്പെട്ടു. ഓരോ ദിവസവും ജനജീവിതം കൂടതൽ സ്തംഭനത്തിലേക്കു നീങ്ങുകയാണ്. പ്രദേശവാസികൾക്കു ജീവനപാധികൾ തന്നെ നഷ്ടമാകുന്ന സാഹചര്യമാണുള്ളതെന്നും ലിജു ചൂണ്ടിക്കാട്ടി.