നെല്ലിന്റെ പണം ഇല്ല; കടുത്ത പ്രതിസന്ധിയിൽ
1297071
Wednesday, May 24, 2023 11:04 PM IST
തിരുവല്ല: സംഭരിച്ച നെല്ലിന്റെ പണം നല്‍കാത്തതു ഉള്‍പ്പെടെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ചു കുട്ടനാട്, അപ്പർ കുട്ടനാട് പാടശേഖര സമിതികളുടെ ആഭിമുഖ്യത്തിൽ കർഷകർ സമരരംഗത്തേക്ക്. പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും പണം കിട്ടാത്തവര്‍ നിരവധിയാണ്. കുട്ടനാട്, അപ്പര്‍കുട്ടനാട് പ്രദേശങ്ങളിലായി സപ്ലൈകോ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 345 കോടി രൂപയാണ്.
വട്ടിപ്പലിശയ്ക്കു പണം വായ്പയെടുത്തു കൃഷിയിറക്കിയ കര്‍ഷകര്‍ പട്ടിണിയിലായിട്ടു മാസങ്ങളായി. ഇത്തവണ എല്ലാ സ്ഥലങ്ങളിലും 70 മുതൽ 90 മേനി വരെ വിളവ് ലഭിച്ചിരുന്നുവെങ്കിലും ഒരു ചാക്ക് നല്ല വാരി നിറച്ച് അതു ലോറിയിൽ കയറ്റുന്നതിനു പല സ്ഥലങ്ങളിലും 300 മുതൽ 320 രൂപ വരെ കർഷകരിൽനിന്ന് ഹാൻഡ് ലിംഗ് ചാർജായി ഈടാക്കി.
പ്രക്ഷോഭം കടുപ്പിക്കും
അപ്രതീക്ഷിതവും അനാവശ്യവുമായ ചെലവുകൾ ഏറിയതോടെ കർഷകർ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായി. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പാടശേഖരസമിതികള്‍ ചേര്‍ന്നു രൂപീകരിച്ച സംയുക്ത നെല്‍ കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ രംഗത്തേക്കു കടക്കാനാണ് തീരുമാനം. നെല്‍ വില വായ്പയായി നല്കുന്ന സമ്പ്രദായം അവസാനിപ്പിക്കുക, കൈകാര്യച്ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ നല്‍കുക, കിഴിവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും
കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്.
നെല്ല് വാങ്ങിയ വകയില്‍ കര്‍ഷകര്‍ക്കു സപ്ലൈകോയില്‍നിന്നു ലഭിക്കേണ്ട തുക നിലവില്‍ കേരള ബാങ്കാണ് നല്‍കുന്നത്. എന്നാല്‍, എത്രയാണോ നെല്ലിന്റെ വിലയായി നിശ്ചയിച്ചിട്ടുള്ളത് ആ തുക പണമായി ലഭിക്കണമെങ്കില്‍ കേരള ബാങ്ക് നല്കുന്ന വായ്പ രേഖകളില്‍ ഒപ്പുവയ്ക്കണമെന്നാണ് അധികൃതര്‍ ഇപ്പോൾ ആവശ്യപ്പെടുന്നതെന്നു കര്‍ഷകര്‍ പറയുന്നു.
പ്രക്ഷോഭം കടുപ്പിക്കും: സാം ഈപ്പന്
കര്‍ഷക ദ്രോഹത്തിനെതിരേ പ്രക്ഷോഭം കടുപ്പിക്കുമെന്ന് അപ്പര്‍കുട്ടനാട് കാര്‍ഷിക സമിതി അധ്യക്ഷന്‍ സാം ഈപ്പന്. പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ചു മൂന്നു മാസം പിന്നിട്ടിട്ടും പണം ലഭിക്കാത്തവരാണേറെയും. പടിഞ്ഞാറൻ മേഖലയില്‍ മാത്രം സപ്ലൈകോ കര്‍ഷകര്‍ക്കു നല്‍കാനുള്ളത് കോടികളാണ്. മറ്റുനിരവധി പ്രശ്നങ്ങളും കര്‍ഷകരെ അലട്ടുന്നുണ്ട്. ഇതോടെയാണ് സമരത്തിന്റെ പാതയിലേക്ക് നീങ്ങാന്‍ കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും പാടശേഖര സമിതികള്‍ തീരുമാനിച്ചത്. പുളിങ്കുന്നില്‍ യോഗം ചേര്‍ന്ന കര്‍ഷകര്‍, നെല്‍കര്‍ഷക സംരക്ഷണ സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.
നെല്ല് സംഭരണത്തിന്റെ തുക
നൽകാത്തത് വഞ്ചന: വർഗീസ് മാമ്മൻ
തിരുവല്ല: നെല്ല് സംഭരിച്ച ശേഷം മാസങ്ങളായി തുക നൽകാതെയിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടി കർഷകർകരോടുള്ള വെല്ലുവിളിയാണെന്നു കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മൻ. അപ്പർ കുട്ടനാട്ടിലെ കൃഷിക്കാർ നെല്ല് സംഭരിച്ച ശേഷം പണത്തിനായി കാത്തിരിക്കുകയാണ്. ബാങ്ക് ജപ്തിയും കടബാധ്യതയും കാരണം കർഷകർ ആത്മഹത്യയുടെ വക്കിലാണ്. നെൽകൃഷിയെ പ്രോത്സാഹിപ്പിക്കുമെന്ന് ഒരു വശത്തു പറയുന്ന സർക്കാർ കടമെടുത്തു കൃഷി ചെയ്യുന്ന കർഷകർക്കു കനത്ത പ്രഹരമാണ് ഏല്പിച്ചിരിക്കുന്നത്. ഇടതു സർക്കാർ കർഷകരോടു കാട്ടുന്ന കടുത്ത അനീതിയും വഞ്ചനയുമാണെന്നു വർഗീസ് മാമ്മൻ കുറ്റപ്പെടുത്തി.