നഷ്ടപ്പെട്ട ബാഗ് തിരികെ ലഭിച്ചു, നന്ദി പറഞ്ഞ് മലേഷ്യൻ സ്വദേശി
1297070
Wednesday, May 24, 2023 11:04 PM IST
കോന്നി: ക്ഷേത്ര ദര്‍ശനത്തിനെത്തിയ മലേഷ്യന്‍ സ്വദേശിക്ക് യാത്രയ്ക്കിടെ നഷ്ടപ്പെട്ട ബാഗ് തിരികെ കിട്ടി. മലേഷ്യന്‍ സ്വദേശി ചന്ദ്രശേഖരൻ സിന്നതന്പിയും സുഹൃത്തുക്കളായ രണ്ടു പേരും സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ സന്ദർശിക്കാനുള്ള യാത്രയ്ക്കിടെ പുനലൂര്‍ - മുവാറ്റുപുഴ സംസ്ഥാന പാതയിലെ വകയാര്‍ കോട്ടയം മുക്കിലെ കാര്‍ത്തിക ഹോട്ടലില്‍നിന്ന് ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം പണം, എടിഎം കാര്‍ഡ്, പാസ്പോര്‍ട്ട്, മൊബൈല്‍ ഫോണ്‍, വിമാന ടിക്കറ്റ്, വിസ എന്നിവയടങ്ങിയ ബാഗ് മറന്നു വച്ചു.
വേളാങ്കണ്ണിയിൽനിന്നു വാടകയ്ക്കെടുത്ത കാറിൽ ചോറ്റാനിക്കരയിലേക്കുള്ള യാത്രാമധ്യേയാണ് സംഘം വകയാറിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയത്.
ഹോട്ടലിൽനിന്നു ലഭിച്ച ബാഗ് ഉടമ പ്രതാപ് സിംഗ് ബാഗ് കോന്നി പോലീസ് സ്റ്റേഷനില്‍ ഏല്പിക്കുകയായിരുന്നു.
പോലീസ് എസ്എച്ച്ഒ സി. ദേവരാജന്‍, സബ് ഇന്‍സ്പെക്ടര്‍ രവീന്ദ്രന് എന്നിവര്‍ തങ്ങളുടെ മലേഷ്യയിലെ സുഹൃത്തുക്കളെയും അവർ മുഖേന മലയാളി അസോസിയേഷനിലും വിവരം അറിയിക്കുകയും അവര്‍ അവിടുത്തെ സമൂഹ മാധ്യമങ്ങള്‍ വഴി സന്ദേശം ഷെയര്‍ ചെയ്യുകയുമുണ്ടായി. ചന്ദ്രശേഖരന് ഒപ്പമുണ്ടായിരുന്ന ആളുകളെ തിരിച്ചറിഞ്ഞവര്‍ ഫോണ്‍ ചെയ്ത് വിവരം അറിയിക്കുകയുമായിരുന്നു.
തിരുവനന്തപുരത്തുനിന്നു പാലക്കാട്ടേക്കുള്ള യാത്രയില്‍ പല സ്ഥലങ്ങളില്‍ കയറിയിറങ്ങിയതിനാല്‍ എവിടെയാണ് ബാഗ് മറന്നതെന്നറിയാതെ വിഷമിക്കുകയായിരുന്നു ചന്ദ്രശേഖരനും സഹൃത്തുക്കളും.
തുടര്‍ന്ന് മലേഷ്യയില്‍നിന്നു സുഹൃത്തുക്കള്‍ വിളച്ചറിയിച്ചതിനെത്തുടര്ന്ന് ഇന്നലെ കോന്നി പോലീസ് സ്റ്റേഷനിലെത്തി ബാഗ് കൈപ്പറ്റി.
ഹോട്ടൽ ഉടമയുടെ സത്യസന്ധതയും പോലീസിന്റെ ഇടപെടലും മലേഷ്യൻ സ്വദേശികൾക്ക് ഏറെ സന്തോഷം പകർന്നു.