ജില്ലാ ആസ്ഥാനത്തെ യാത്രാദുരിതം അടിയന്തരമായി പരിഹരിക്കണം: കേരള കോൺഗ്രസ്
1297048
Wednesday, May 24, 2023 10:49 PM IST
പത്തനംതിട്ട: ജില്ലയുടെ ആസ്ഥാനമായ പത്തനംതിട്ട ടൗണിലേയും സമീപപ്രദേശങ്ങളിലെയും യാത്രാദുരിതവും ഗതാഗതക്കുരുക്കും അടിയന്തരമായി പരിഹരിക്കണമെന്നും നഗരത്തിലെ ഉപറോഡുകൾ അടക്കം സഞ്ചാരയോഗ്യമാക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കണമെന്നു കേരള കോൺഗ്രസ് ആറന്മുള നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.
ജില്ലാ ആസ്ഥാനമായ പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു വെട്ടിക്കുറച്ച സർവീസുകൾ ഉടനടി പുനഃസ്ഥാപിക്കണമെന്നും, പത്തനംതിട്ടയിൽ നിന്ന് തിരുവല്ലയിലേക്കു നിർത്തിവച്ച സർവീസുകൾ പുനരാരംഭിക്കുകയും സ്കൂൾ വർഷാരംഭം പ്രമാണിച്ച് പുതിയ സർവീസുകൾ ആരംഭിക്കുകയും വേണമെന്നും യോഗം ആവശ്യപ്പെട്ടു.
ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് ദിപു ഉമ്മന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡന്റും യുഡിഎഫ് ചെയർമാനുമായ വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു.
പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ ജോൺ കെ. മാത്യൂസ്, സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ, സംസ്ഥാന സമിതി അംഗം ബാബു വർഗീസ്, ജില്ലാ സെക്രട്ടറി ഷാജൻ മാത്യു, സാം മാത്യു, തോമസ് ചാക്കോ, ടി.എസ്. തോമസ്, മണ്ഡലം ഭാരവാഹികളായ പി.സി. സക്കറിയ, റിജു എബ്രഹാം, റോബിൻ ഫിലിപ്പ്, രാജൻ മാലേത്ത്, പി.ജി. സാമുവൽ, പ്രഫ. സാലി കാട്ടുവള്ളി എന്നിവർ പ്രസംഗിച്ചു.