തൊഴിലുറപ്പ് പരാതികളിൽ തീർപ്പു കല്പിച്ച് ഓംബുഡ്സ്മാന്
1297045
Wednesday, May 24, 2023 10:49 PM IST
പത്തനംതിട്ട: തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയില്‍ ഓംബുഡ്സ്മാന് പരിഹരിച്ചത് 53 പരാതികള്‍. പത്തനംതിട്ട ജില്ലാ ഓംബുഡ്സ്മാന്റെ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു.
57 പരാതികളില്‍ 53 എണ്ണം തീര്‍പ്പാക്കി. തൊഴിലാളികളുടെ അവകാശ നിഷേധവുമായി ബന്ധപ്പെട്ട് 13 പരാതികളും മേറ്റുമാരുടെ ഭാഗത്തുനിന്നുളള ക്രമക്കേടുമായി ബന്ധപ്പെട്ട നാലു പരാതികളും ജീവനക്കാരുടെ ഭാഗത്തുനിന്നുമുള്ള വീഴ്ചകളുമായി ബന്ധപ്പെട്ട് അഞ്ചു പരാതികളും തൊഴിലാളികളുടെ ഭാഗത്തുനിന്നുളള ക്രമക്കേടുമായി ബന്ധപ്പെട്ട് ഒരു പരാതിയും വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് സാധനങ്ങളുടെ വില ലഭിക്കാത്തതുമായി ബന്ധപ്പെട്ട ഏഴ് പരാതികളും ജോലി സ്ഥലത്ത് വച്ച് പരിക്കേറ്റതുമൂലം ചികിത്സ നടത്തിയതിന്റെ ചെലവ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട ഒരു പരാതിയും ലഭിച്ചു. സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും പരിശോധനയുടെ അടിസ്ഥാനത്തിലും സ്വമേധയാ ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു തീര്‍പ്പാക്കുകയും ചെയ്തു.
തൊഴിലുറപ്പ് പദ്ധതിയുമായും പിഎംഎവൈ ഭവന പദ്ധതിയുമായും ബന്ധപ്പെട്ട പരാതികള്‍ ഓംബുഡ്സ്മാന്, മഹാത്മാഗാന്ധി എന്‍ആര്‍ഇജിഎസ് ആൻഡ് പിഎംഎവൈ, പന്തളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, കുളനട പി.ഒ., പിന്: 689 503 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഇ-മെയില്‍ മുഖേനയോ അയയ്ക്കാം.