കുറവന്‍കുഴി കുളത്തിന്റെ നവീകരണ ജോലികള്‍ ആരംഭിച്ചു
1297044
Wednesday, May 24, 2023 10:49 PM IST
പുല്ലാട്: കുറവന്‍കുഴി കുളം നവീകരിക്കുന്നു. കോയിപ്രം ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ ഏറെ പഴക്കമുള്ള ജലസ്രോതസാണ് കുറവന്‍കുഴി കുളം. കുളത്തില്‍ നിന്നുള്ള വെള്ളം പമ്പു ചെയ്ത് ശുദ്ധീകരിച്ചാണ് ആന്താലിമണ്‍ കോളനിയിലെ എണ്‍പതിലധികം കുടുംബങ്ങള്‍ക്ക് എത്തിച്ചിരുന്നത്. കുടിവെള്ളപദ്ധതിയുടെ കിണര്‍ ഒരു ഏക്കര്‍ വിസ്തൃതിയുള്ള ജലാശയത്തിന്റെ ഒരു ഭാഗത്തായിരുന്നു. ജലാശയം മലിനമായതോടെ കുടിവെള്ളവും മലിനമായി. ഇതേത്തുടര്‍ന്ന് വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും സമരത്തിലായിരുന്നു.
തിരുവല്ല ആര്‍ഡിഒ കോടതിയുടെ ഉത്തരവിന്റെയും സംസ്ഥാന ആരോഗ്യവകുപ്പിന്റെയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലും കോയിപ്രം ഗ്രാമപഞ്ചായത്തിന്റെ ധനകാര്യവികസന ഫണ്ടില്‍നിന്നു 5.5 ലക്ഷം രൂപ ചെലവിലാണ് നവീകരണം. മലിനജലം കുളത്തിലേക്ക് ഇറങ്ങാതിരിക്കാനായി തെക്കുവശത്തുള്ള പാര്‍ശ്വഭിത്തി ഉയര്‍ത്തുന്ന പണികളാണ് ആരംഭിച്ചിട്ടുള്ളത്. അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1,88,398 രൂപയുടെ ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
ആല്മാവ് കവല - കുരിശുകവല റോഡിലെയും മറ്റ് റോഡുകളിലെയും മലിനജലം കുളത്തിലേക്ക് ഒഴുകിയെത്താതിരിക്കാനാവശ്യമായ നടപടികള്‍ പൊതുമരാമത്ത് വകുപ്പും ഏറ്റെടുത്തിട്ടുണ്ട്.
കുറവന്‍കുഴി കുളത്തിന്റെ നാലുവശങ്ങളിലുമുള്ള കല്‍ക്കെട്ടുകള്‍ റോഡ് നിരപ്പില്‍ നിന്ന് ഉയര്‍ത്തിക്കെട്ടി കുളം പൂര്‍ണമായും മലിനമുക്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അംഗവും വൈസ് പ്രസിഡന്റുമായ റെനി രാജു കുഴിക്കാല ആവശ്യപ്പെട്ടു. കുളത്തിന്റെ സംരക്ഷണഭിത്തിയുടെ തകര്‍ച്ചമൂലം ഇതിനോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന അങ്കണവാടിയും അപകടഭീഷണിയിലാണെന്ന് ഇവര്‍ പറഞ്ഞു. സംരക്ഷണഭിത്തി ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് എടുത്തിട്ടുള്ളത്. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തില്‍ മാത്രമേ ഇത്തരം ജോലികള്‍ പൂര്‍ത്തീകരിക്കാനാകൂവെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.