മരുക്കുരിശുമായി മലമുകളിലേക്ക് കരുവള്ളിക്കാട് കുരിശുമലയിലേക്ക് വിശ്വാസികളുടെ നിര
1282910
Friday, March 31, 2023 11:04 PM IST
ചുങ്കപ്പാറ: വലിയനോന്പിലെ നാല്പതാം വെള്ളിയാഴ്ച വ്രതാനുഷ്ഠാനത്തോടെ കരുവള്ളിക്കാട് കുരിശുമലയിലേക്ക് നടന്ന സംയുക്ത തീർഥാടനത്തിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു. നിർമലപുരം-കരുവള്ളിക്കാട് സെന്റ് തോമസ് കുരിശുമലയിലേക്ക് പീഢാസഹന സ്മരണയിലുള്ള ഇക്കൊല്ലത്തെ തീർഥാടനത്തിന്റെ ആരംഭവുമായിരുന്നു ഇന്നലെ.
സംയുക്ത കുരിശിന്റെ തീർഥാടനം ഇന്നലെ ഉച്ചകഴിഞ്ഞ് ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽനിന്ന് ആരംഭിച്ചു. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ആമുഖ സന്ദേശം നൽകി തീർഥയാത്ര ആശിർവദിച്ചു. തുടർന്ന് തടിക്കുരിശുമായി അദ്ദേഹം മുന്നിൽ നടന്നു. സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ഇടവക വികാരി ഫാ. തോമസ് തൈയ്ക്കാട്ടിന്റെ നേതൃത്വത്തിൽ വിശ്വാസികളെ തീർഥയാത്രയിലേക്കു സ്വീകരിച്ചു.
ചങ്ങനാശേരി അതിരൂപത പുതുതായി വാങ്ങിയ സ്ഥലത്തുകൂടി നിർമിച്ച വഴിയിലൂടെയാണ് ഇത്തവണ യാത്ര മലമുകളിലെത്തിയത്. വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ കുരിശിന്റെ തീർഥയാത്ര ഐക്കണുകളിൽ പ്രാർഥന നടത്തിയാണ് വിശ്വാസികൾ മലകയറിയത്. വൈദികരും സന്യസ്തരും സന്ദേശങ്ങൾ നൽകി.
ചങ്ങനാശേരി അതിരൂപത വികാരി ജനറാൾമാരായ ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, ഫാ.വർഗീസ് താനമാവുങ്കൽ, പ്രൊക്കുറേറ്റർ ചെറിയാൻ കാരിക്കൊമ്പിൽ, മണിമല ഫൊറോനാ വികാരി ഫാ. മാത്യു താന്നിയത്ത്, ഫാ. ജയിംസ് പാലയ്ക്കൽ, നെടുംകുന്നം ഫൊറോന വികാരി ഫാ. വർഗീസ് കൈയ്തപറമ്പിൽ എന്നിവർ പ്രാർഥനകൾ നയിച്ചു. തീർഥാടന കേന്ദ്രം വികാരി ഫാ. ജോസഫ് മാമ്മൂട്ടിൽ, ജനറൽ കൺവീനർ ജോസി ഇലഞ്ഞിപ്പുറം, ട്രസ്റ്റിമാരായ തോമസുകുട്ടി വേഴന്പതോട്ടം, സോണി കൊട്ടാരം, ഡൊമിനിക് സാവോ തുടങ്ങിയവർ നേതൃത്വം നൽകി.
വിശുദ്ധവാരത്തിലും പുതുഞായർ വരെയുള്ള ദിനങ്ങളിലും കുരിശുമല തീർഥാടനത്തിന് സൗകര്യമുണ്ടാകും. പുതുഞായർ തിരുനാളോടെയാണ് തീർഥാടനത്തിനു സമാപനമാകുന്നത്.