പദ്ധതി റീബിൽഡ് കേരളയിൽ, റോഡ് കുളമായത് മിച്ചം..!
1279097
Sunday, March 19, 2023 10:23 PM IST
പത്തനംതിട്ട: അറ്റകുറ്റപ്പണിയുടെ പേരിൽ പത്തനംതിട്ട നഗരത്തിലെ പ്രധാന ഇടവഴിയായ ഡോക്ടേഴ്സ് ലെയ്ൻ റോഡ് കുളം തോണ്ടി. കോൺക്രീറ്റ് റോഡിൽ കുണ്ടും കുഴികളും ഉണ്ടെന്നതൊഴിച്ചാൽ പാത വലിയ കുഴപ്പമില്ലാതെ കിടക്കുകയായിരുന്നു. റോഡ് പുനർനിർമാണം റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പണി തുടങ്ങിയെങ്കിലും പാതിവഴിയിൽ കിടക്കുകയാണ്. ഇപ്പോൾ കാൽനടപോലും ബുദ്ധിമുട്ടിലായി.
ജനറൽ ആശുപത്രിക്ക് പിന്നിലൂടെയുള്ള ഇടവഴിയാണ് ഡോക്ടേഴ്സ് ലെയ്ൻ റോഡ്. സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന വീടുകളും മുറികളുമൊക്കെ ഈ റോഡരികിലായതിനാൽ തിരക്ക് ഏറെയാണ്. ആശുപത്രിയിലേക്കു വരുന്ന വാഹനങ്ങളും ഇതുവഴിയെത്താറുണ്ട്.
റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഡോക്ടേഴ്സ് ലെയ്ൻ നിർമാണത്തിന് 28 ലക്ഷം അനുവദിച്ച എൽഡിഎഫ് സർക്കാരിന് അഭിനന്ദനം അറിയിച്ചുകൊണ്ടു ഫ്ളക്സ് ബോർഡുകൾ ഉയർത്തിയിട്ടുണ്ട്. എന്നാൽ നിർമാണമായി നടന്നത് ഓടയ്ക്കു മുകളിൽ സ്ളാബ് ഇടൽ മാത്രം. ഓടയുടെ ഭാഗത്തെ മണ്ണും കല്ലുകളും റോഡിലേക്ക് ഇട്ടിരിക്കുന്നതിനാൽ ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും യാത്രയ്ക്കു ബുദ്ധിമുട്ടുന്നു.
നഗരത്തിലെ തിരക്കേറിയതും വീതി കുറഞ്ഞതുമായ റോഡാണിത്. ജനറൽ ആശുപത്രിയിൽ നിന്നു മലിനജലം ഒഴുകിവന്നിരുന്ന ഓടയ്ക്കു മുകളിലെ സ്ലാബ് തകർന്ന് ഓടയിലേക്കു പതിച്ചതോടെ വെള്ളമൊഴുക്കും തടസപ്പെട്ടു. ഇതോടെ ഓടകളിൽ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധവും അസഹ്യമായി.