യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിൽ
1549670
Tuesday, May 13, 2025 6:55 PM IST
കൊല്ലം: വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വിരോധം നിമിത്തം യുവാവിനെ കമ്പി വടികൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിലായി. ഉളിയക്കോവില്‍ ശ്രീഭദ്രാ നഗര്‍ 131-ല്‍ ചെമ്പന്‍ എന്ന ശ്യാം(29) ആണ് വെസ്റ്റ് പോലീസിന്റെ പിടിയിലായത്. മോഷണം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ശ്യാം. ശക്തികുളങ്ങര കന്നിമേല്‍ ആശാഭവനം വീട്ടില്‍ സുനില്‍കുമാറി(47) നെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം പുലർച്ചെ തോപ്പില്‍കടവ് ഭാഗത്ത് ശ്യാമും ഇയാളുടെ സുഹൃത്തുക്കളും സുനില്‍കുമാറിനോടൊപ്പം സംസാരിച്ചുകൊണ്ട് നില്ക്കുന്നതിനിടയില് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് അക്രമാസക്തനായ പ്രതി കമ്പി വടികൊണ്ട് സുനില്‍കുമാറിന്റെ തലയിലും ദേഹത്തും അടിച്ച് മുറിപ്പെടുത്തുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ നിരവധി നിരീക്ഷണ കാമറകളില്‍ നിന്നുളള ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ ശേഷം പിടികൂടുകയായിരുന്നു. വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ ഫയാസിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ അന്‍സര്‍ ഖാന്, സ്ക്ലോബിന്‍, കണ്ട്രോള് റൂം എസ്ഐ രാജശേഖരന്, എന്നിവരടങ്ങിയ സംഘമാണ് ബോട്ടില്‍ രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്