പൊൻതിളക്കവുമായി അരിപ്പ എംആർഎസ് സ്കൂൾ
1549444
Saturday, May 10, 2025 6:13 AM IST
കുളത്തൂപ്പുഴ : കിഴക്കൻ മലയോര മേഖലയായ കുളത്തൂപ്പുഴ പഞ്ചായത്തിൽ ഈ പ്രാവശ്യവും എസ്എസ്എൽസി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ചു നൂറുമേനി കൊയ്തെടുക്കാൻ പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കുളത്തൂപ്പുഴ അരിപ്പയിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളിന് കഴിഞ്ഞു.
സ്കൂളിൽ പരീക്ഷ എഴുതിയ 29 കുട്ടികളിൽ എ.എൻ.അഥിൻ എന്ന വിദ്യാർഥി എല്ലാവിഷയത്തിലും എ പ്ലസ് നേടി. സ്കൂൾ പിടിഎ സമിതി വിജയിച്ച വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. സാം ഉമ്മൻ മെമ്മോറിയൽ ടെക്നിക്കൽ ഹൈസ്കൂൾ ഇക്കുറി 100ശതമാനം വിജയം കരസ്ഥമാക്കുകയും പരീക്ഷയെഴുതിയ 43 പേരിൽ എല്ലാവരും വിജയിക്കുകയും ഒരു ഫുൾ എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു.
കുളത്തൂപ്പുഴ ചന്ദനക്കാവ് ബിഎംജിഎച്ച്എസ് കഴിഞ്ഞ പ്രാവശ്യം 100ശതമാനം വിജയം കരസ്ഥമാക്കിയെങ്കിലും ഇക്കുറി ഒരു വിദ്യാർഥിയുടെ തോൽവി മൂലം നൂറ് ശതമാനം വിജയം നഷ്ടപ്പെട്ടു.
കുളത്തൂപ്പുഴ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ എസ്എസ്എൽസി പരീക്ഷയ്ക്ക് ഇരുത്തി 215 വിദ്യാർഥികളിൽ 214 വിദ്യാർഥികളെയും വിജയിപ്പിക്കാൻ കഴിഞ്ഞു. ഇതിൽ 19 വിദ്യാർഥികൾക്ക് ഫുൾ എ പ്ലസ് നേടിക്കൊടുക്കുവാനും ബിഎംജി സ്കൂളിലെ അധ്യാപക കൂട്ടായ്മയ്ക്ക് കഴിഞ്ഞു.
സ്കൂൾ പിടിഎ പ്രസിഡന്റ് ഷാഹുൽ ഹമീദ് വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. കുളത്തൂപ്പുഴ ഗവ.ഹൈസ്കൂളിന് ഇക്കുറി നല്ല വിജയം നേടാൻ കഴിഞ്ഞു. 66 വിദ്യാർഥികൾ പരീക്ഷയെഴുതി . ഇതിൽ 55 പേരെ വിജയിപ്പിക്കാൻ കഴിഞ്ഞതിൽ പിടിഎ പ്രസിഡന്റ് ഗോപകുമാർ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.