എസ്എസ്എല്‍സി പരീക്ഷാഫലം: കിഴക്കന്‍ മേഖലയിലെ സ്കൂളുകള്‍ക്ക് മിന്നും വിജയം
1549455
Saturday, May 10, 2025 6:24 AM IST
അഞ്ചല്‍ : എസ്എസ്എൽസി പരീക്ഷയിൽ ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ സ്കൂളുകളും ഇക്കുറി മിന്നും വിജയം നേടി. ജില്ലയിലെ ഏറ്റവുമധികം കുട്ടികളെ പത്താം ക്ലാസ് പരീക്ഷ എഴുതിപ്പിച്ച സ്കൂളുകളില്‍ ഒന്നായ അഞ്ചല്‍ വെസ്റ്റ് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂൾ 99 ശതമാനം വിജയം നേടി.
ഇവിടെ പരീക്ഷ എഴുതിയ 464 കുട്ടികളില്‍ 463 പേരും ഉപരി പഠനത്തിന് അര്‍ഹത നേടി. ഇതില്‍ 114 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളും ഇക്കുറി നേടിയത് മികച്ച വിജയമാണ്. പരീക്ഷ എഴുതിയ 134 വിദ്യാര്‍ഥികളില്‍ 133 പേരും വിജയിച്ചു 99ശതമാനം വിജയമാണ് സ്വന്തമാക്കിയത്. ഇതില്‍ 39 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.
അലയമണ്‍ പഞ്ചായത്തിലെ പുത്തയം ആല്സെയിന്റ് ഹൈസ്കൂളില്‍ പരീക്ഷ എഴുതിയ 39 പേരും ഉപരി പഠനത്തിന് അര്‍ഹത നേടി 100 ശതമാനം വിജയം കൈവരിച്ചു. ഇതില്‍ 11 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാനായി. കരുകോണ്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളും ഇക്കുറി നേടിയത് നൂറുശതമാനം വിജയമാണ്.
78 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. 15 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ചണ്ണപ്പേട്ട മാര്‍ത്തോമ ഹൈസ്കൂളില്‍ പരീക്ഷ എഴുതിയ 85 കുട്ടികളും വിജയിച്ചു .നൂറുശതമാനം വിജയം നേടി. 18 കുട്ടികളാണ് ഇവിടെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.
ഏരൂര്‍ പഞ്ചായത്തിലെ ഏരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളും ഇക്കുറി നേടിയത് മിന്നും വിജയം. 207 കുട്ടികള്‍ പരീക്ഷ എഴുതിയപ്പോള്‍ മുഴുവന്‍ കുട്ടികളെയും വിജയിപ്പിച്ച് സ്കൂള്‍ നേടിയത് നൂറുശതമാനം വിജയം.
48 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. അയിലറ സര്‍ക്കാര്‍ ഹൈസ്കൂളില്‍ പരീക്ഷ എഴുതിയ 11 കുട്ടികളും വിജയിച്ചു. നൂറുശതമാനം വിജയം കൈവരിച്ചു. ഇവിടെ ഒരാള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാനായി. നെട്ടയം സര്‍ക്കാര്‍ ഹൈസ്കൂളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും വിജയിച്ചു നൂറുശതമാനം വിജയം നിലനിര്‍ത്തി. 41 കുട്ടികള്‍ പരീക്ഷ എഴുതുകയും ഇവരില്‍ 18 പേര് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുകയും ചെയ്തു.
കല്ലുവെട്ടാംകുഴി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 66 കുട്ടികള്‍ പരീക്ഷ എഴുതിയപ്പോള്‍ 55 കുട്ടികള്‍ മാത്രമാണു വിജയിച്ചത്. 83 ശതമാനം മാത്രം വിജയം നേടിയ സ്കൂളില്‍ ആര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാനായില്ല.