ആർഎസ്എസ് നേതാവിന്റെ കൊലപാതകം : രണ്ടാം പ്രതി കുറ്റക്കാരൻ
1549668
Tuesday, May 13, 2025 6:55 PM IST
കൊല്ലം: ആര്‍എസ്എസ് നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും. ആര്‍എസ്എസ് നേതാവായിരുന്ന സന്തോഷിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതി വടക്കേവിള പട്ടത്താനം വാഴവിള വീട്ടില്‍ സജീവ് എന്ന കാളി സജീവ് കുറ്റക്കാരനെന്നാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എസ്. സുഭാഷ് കണ്ടെത്തിയത്.
ഇതേ കേസിൽ നേരത്തേ നടന്ന വിചാരണയില്‍ മറ്റ് പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. വിചാരണ വേളയില്‍ ഉള്‍പ്പെടെ ഒളിവില്‍ കഴിഞ്ഞിരുന്ന സജീവ് പിന്നീടാണ് കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്ന് ഇയാൾക്കായി വീണ്ടും വിചാരണ നടത്തുകയായിരുന്നു.
ഒന്നാം പ്രതി കൊഞ്ച് എന്ന സജീവ്, മൂന്നാം പ്രതി അന്തകണ്ണന് എന്ന അനില്‍കുമാര്‍, അഞ്ചാംപ്രതി കുറ്റിച്ചിറ ഗോപി എന്ന ഗോപി, ആറാം പ്രതി പ്രമോദ് എന്നിവരെ കോടതി ശിക്ഷിച്ചിരുന്നു. ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് അഞ്ചാംപ്രതി ഗോപി, ആറാംപ്രതി പ്രമോദ് എന്നിവരെ വെറുതെ വിട്ടിരുന്നു. കേസില്‍ നിലവിലെ ഇരവിപുരം എംഎല്‍എ എം. നൗഷാദ്, വടക്കേവിള പഞ്ചായത്തംഗമായിരുന്ന അനില്‍ എന്നിവരെ പ്രതി ചേര്‍ത്തുള്ള ഉത്തരവും ഹൈക്കോടതി റദ്ദാക്കിയിരുന്നു. ആദ്യ വിചാരണ വേളയില്‍ തന്നെ നാലാംപ്രതി കടച്ചില് എന്ന സന്തോഷ്, ഏഴാം പ്രതി പൊടിമോന് എന്ന ജയപ്രകാശ് എന്നിവര്‍ മരണപ്പെട്ടിരുന്നു.
1997 നവംബര്‍ 24 ന് ആണ് കേസിനാസ്പദമായ സംഭവം. പട്ടത്താനത്തെ ഡിവൈഎഫ്ഐ അപ്സര ജംഗ്ഷൻ യൂണിറ്റ് ഭാരവാഹിയായിരുന്ന സുനില്‍ കുമാറിനെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സന്തോഷും മറ്റുള്ളവരും വീട്ടില്‍ കയറി കൊലപ്പെടുത്തുകയും കൈപ്പത്തി അപ്സര ജംഗ്ഷനിലെ വൈദ്യുത തൂണില്‍ കെട്ടുകയും ചെയ്തതിലുള്ള വിരോധമാണ് സന്തോഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.
സംഭവ ദിവസം രാത്രി 8.45 ന് മണിച്ചിത്തോട്ടില്‍ വച്ചാണ് പ്രതികള്‍ സന്തോഷിനെ കൊലപ്പെടുത്തുന്നത്. സന്തോഷിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് വിജയകുമാറിന് ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. പാര്വത്യാര് മുക്കിലെ ആര്‍എസ്എസ് ശാഖകഴിഞ്ഞ് സന്തോഷിനെ പിന്നിലിരുത്തി വിജയകുമാര്‍ സൈക്കിള്‍ ചവിട്ടി ചെമ്മാന്മുക്കില് കാപ്പികുടിക്കാന്‍ പോകുന്ന വഴി മണിച്ചിത്തോട്ടില്‍ എത്തിയപ്പോള്‍ പ്രതികള്‍ കാറിലെത്തി ആദ്യം സൈക്കിളിന് പിന്നിലിടിച്ചു.
തെറിച്ചുവീണ സന്തോഷിനെ വാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈസ്റ്റ് പോലിസ് ഹെഡ്കോണ്‍സ്റ്റബിള്‍ ആയിരുന്ന രാജേന്ദ്രബാബു രജിസ്റ്റര്‍ ചെയ്ത കേസില്‍ സിഐ ആയിരുന്ന ടി.ജയിംസ്, കൊല്ലം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്ന എസ്. വില്‍ഫ്രഡ്, കെ.എന്‍. ജനരാജന്‍ എന്നിവര്‍ അന്വേഷണം നടത്തി കൊല്ലം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഇ.ജെ. ജയരാജാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി. വിനോദ് ഹാജരായി. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ കെ.ജെ. ഷീബ, എ. സജു എന്നിവരായിരുന്നു പ്രോസിക്യൂഷന് സഹായികള്‍.