വേലുത്തമ്പി ദളവ മലയാള മണ്ണിലെ ആദ്യ ജനാധിപത്യവാദി: ശ്രീകുമാരൻ തമ്പി
1549448
Saturday, May 10, 2025 6:13 AM IST
കൊല്ലം: മലയാളമണ്ണിലെ ആദ്യ ജനാധിപത്യവാദി വേലുത്തമ്പിദളവയാണെന്ന് ഗാനരചയിതാവ് ശ്രീകുമാരന്‍തമ്പി.വേലുത്തമ്പിദളവ സ്മാരക സേവാസമിതിയുടെ വേലുത്തമ്പി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യം എന്താണെന്ന് പ്രായോഗികമായി കാണിച്ചുതന്ന ആദ്യത്തെ പൗരനാണ് വേലുത്തമ്പി. രാജാവിനെ കബളിപ്പിച്ച് മന്ത്രിമാരും അവരുടെ കിങ്കരന്മാരും നടത്തുന്ന ഭീമമായ കൊള്ള, നാട്ടുകൂട്ടത്തെ വിളിച്ചുകൂട്ടി നേതൃപരമായ പങ്കുവഹിച്ച് കൊട്ടാരത്തിന് മുന്നില്‍ ചെന്ന് രാജാവിന് ബോധ്യപ്പെടുത്തിയായിരുന്നു ജനാധിപത്യത്തിന്റെ മഹത്വം ഉയര്‍ത്തി പിടിച്ചതെന്നും ശ്രീകുമാരന്‍തമ്പി പറഞ്ഞു.
ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ അര്‍ലേക്കര്‍ ഓണ്‍ലൈന്‍ വഴി പരിപാടിയില്‍ സംബന്ധിച്ചു. അധ്യക്ഷനായിരുന്ന സമിതി ചെയര്മാന് ഡോ.ഇ.ചന്ദ്രശേഖരക്കുറുപ്പ് ഗവര്‍ണര്‍ക്ക് വേണ്ടി പുരസ്കാരം ശ്രീകുമാരന്‍തമ്പിക്ക് കൈമാറി. സാമൂഹ്യനീതി കര്‍മസമിതി സംസ്ഥാന സംയോജകന്‍ വി. സുശികുമാര്‍,
സമിതി സെക്രട്ടറി എസ്.കെ. ദീപുകുമാര്‍, തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ രാജന്‍ബാബു, പ്രഭാഷകന്‍ രാജന്മലനട, സമിതി സെക്രട്ടറി നരേന്ദ്രന്, റാങ്ക് ജേതാവ് പൂജിത എന്നിവർ പ്രസംഗിച്ചു.