‘ഒഴുകാം ശുചിയായി പദ്ധതി’പാളി : കുളത്തൂപ്പുഴ വാഴത്തോപ്പ് കടവ് ഓര്‍മയായി
1549452
Saturday, May 10, 2025 6:13 AM IST
കുളത്തൂപ്പുഴ: കല്ലടയാറ്റിന്റെ പുരാതനമായ കുളിക്കടവ് ഒഴുകാം ശുചിയായി പദ്ധതിയിൽ പെടുത്തി ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് കടവിലേക്ക് ഇറങ്ങുന്ന പാതകളും പടവുകളും നിർമിച്ച ് പൂർത്തിയാക്കാനിരുന്ന പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചതോടെ വാഴത്തോപ്പ് കടവ് ഓര്‍മയായി.
കുളത്തൂപ്പുഴ അമ്പലക്കടവിന് സമീപം മലയോരഹൈവെ ഓരത്ത് ആറ്റിലെ പ്രധാന കടവുകളിലൊന്നാണ് ഉപേക്ഷിക്കേണ്ടിവന്നത്. മലയോര ഹൈവെ കടന്നുപോകുന്ന വാഴത്തോപ്പ് കടവിലെ കലുങ്കിന്റെ കൈവരികള്‍ പുനര്‍ നിര്‍മാണം നടത്തി കടവുകളിലേക്ക് പടവുകളൊരുക്കിവരികയായിരുന്നു.
ഇതിന്റെ ഭാഗമായി സമീപത്തെ വ്യക്തിയുടെ പുരയിടത്തിന്റെ ഭിത്തി കെട്ടി സംരക്ഷിച്ചതോടെ പടവുകളുടെ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു. കുളത്തൂപ്പുഴ ആറിന്റെ കൈവഴിയായ കുമരംകരിക്കം തോട് ആറ്റിലേക്ക് പതിക്കുന്നതിന്റെ സമീപത്തെ തടിമില്ലിനും കല്യാണ മണ്ഡപത്തിനും അരികിലൂടെ ഒഴുകുന്ന തോടിന്റെ കരകളായിരുന്നു ഇവിടേക്കുളള പാത.
ഇത് ഇടിച്ച് നിരത്തി ആരംഭിച്ച നിര്‍മാണം പൂര്‍ത്തിയാക്കാത്തതാണ് കടവിലേക്ക് ഇറങ്ങാനാവാതായത്. നേരത്തെ ഇതിന്റെ വശങ്ങളിലൂടെ കാല്‍നടയായി ആറ്റിലേക്കിറങ്ങിയാണ് നാട്ടുകാര്‍ വർഷങ്ങളായി കടവ് ഉപയോഗിച്ച് വന്നത്.
പദ്ധതി പാളിയതോടെ തോടിന്റെ സംരക്ഷണ ഭിത്തിയും പടവുകളുടെ നിര്‍മാണവും കടവുവരെ എത്തിക്കാതെ പാതിവഴിയില്‍ അവസാനിപ്പിച്ചു. പ്രധാന പാതയില്‍ നിന്നും തോട് ഏറെ താഴ്ചയിലാവുകയും നടവഴിപോലുമില്ലാതെ കടവ് നാട്ടുകാർക്ക് ഉപേക്ഷിക്കേണ്ടതായും വന്നു.
പുറമെനിന്നും മറ്റു ശല്യങ്ങളൊന്നും ഇല്ലാത്ത വാഴത്തോപ്പ് കടവ് കാലങ്ങളായി സ്ത്രീകളും കുട്ടികളും അലക്കാനും കുളിക്കാനും ഏറെ ആശ്രയിച്ച് വന്നതാണ്.
നെല്ലിമൂട്, പത്തുപറ, കുമരംകരിക്കം, ഡിപ്പോ, തുടങ്ങയ പ്രദേശവാസികളെല്ലാം വേനല്‍ക്കാലത്ത് കിണറുകളെല്ലാം വറ്റിവരളുമ്പോള്‍ വാഴത്തോപ്പ് കടവിനെയായിരുന്നു ആശ്രയിച്ചു പോന്നത്.
അവിടേക്കുളള പാത ഉപയോഗശൂന്യമായി മാസങ്ങൾ കഴിഞ്ഞതോടെ പ്രദേശം കാടുമൂടി ഇഴജന്തുക്കളുടെ താവളമായി. വേനൽ കനക്കുന്നത് കൊണ്ട് കിണറുകളിലെ ജലം വറ്റുന്നതിനാൽ അടിയന്തിരമായി കടവിലേക്ക് പാതയൊരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.