സ്കൂൾ വാഹനങ്ങളിൽ മിന്നൽ പരിശോധന : ഡ്രൈവർ മദ്യലഹരിയിൽ; കുട്ടികളെ സ്കൂളിലെത്തിച്ചത് പോലീസ്
1493491
Wednesday, January 8, 2025 6:21 AM IST
കൊല്ലം: സ്കൂൾ വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ കൊല്ലം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ കൊല്ലം സിറ്റി പരിധിയിലെ 33 സ്ഥലങ്ങളിൽ അപ്രതീക്ഷിത പരിശോധന നടത്തി.
കൊല്ലം സിറ്റി പരിധിയിലെ 551 വാഹനങ്ങൾ പരിശോധിച്ചതിൽ മദ്യപിച്ച് വിദ്യാർഥികളുമായി എത്തിയ രണ്ട് സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പൊലൂഷൻ
സർട്ടിഫിക്കറ്റില്ലാത്ത മൂന്ന് വാഹനങ്ങൾക്കെതിരെയും നികുതിയടയ്ക്കാത്ത രണ്ട് വാഹനങ്ങൾക്കെതിരെ പിഴ ചുമത്തി.
കൊല്ലം വെസ്റ്റ് സ്റ്റേഷൻ പരിധിയിലെ വെള്ളയിട്ടന്പലം ജംഗ്ഷനിൽ കൊല്ലം വെസ്റ്റ് പോലീസ് നടത്തിയ പരിശോധനയിൽ തങ്കശേരിയിലെ വിവിധ സ്കൂളുകളിലേക്ക് കുട്ടികളുമായി എത്തിയ സ്വകാര്യ വാഹനത്തിലെ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തി. ഡ്രൈവർ മുക്കാട് സ്വദേശിയായ സുനിയെ പോലീസ് അറസ്റ്റ് ചെയ്തു. വഴിയിലായ കുട്ടികളെ വെസ്റ്റ് സ്റ്റേഷനിലെ പോലീസ് ഡ്രൈവറായ ഷമീർ വിദ്യാർഥികൾ എത്തിയ വാഹനത്തിൽ തന്നെ സ്കൂളുകളിലെത്തിച്ചു.
കണ്ണനല്ലൂർ പോലീസ് നടത്തിയ പരിശോധനയിൽ വീടുകളിൽ നിന്ന് കുട്ടികളെ കൂട്ടികൊണ്ടുവരാൻപോയ സ്വകാര്യ സ്കൂളിലെ വാഹനത്തിന്റെ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് വാഹനം പിടിച്ചെടുത്തു. ഡ്രൈവർക്കെതിരേ കേസെടുത്തു.
പൊലൂഷൻ സർട്ടിഫിക്കറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ സ്കൂളിലെ രണ്ട് വാഹനങ്ങൾ തെക്കുംഭാഗം പോലീസും പാരിപ്പള്ളി പോലീസ് ഒരു വാഹനവും പിടികൂടി പിഴ ചുമത്തി. കരുനാഗപ്പള്ളി പോലീസ് നികുതി അടയ്ക്കാതെ സർവീസ് നടത്തിയ സ്വകാര്യ സ്കൂളിലെ രണ്ട് വാഹനങ്ങൾക്കെതിരെയും പിഴ ചുമത്തി.
ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ കൊല്ലം, കരുനാഗപ്പള്ളി, ചാത്തന്നൂർ എസിപിമാർ മേൽനോട്ടം നൽകി. ജില്ലയിലെ 33 സ്ഥലങ്ങളിലായി സ്റ്റേഷൻ പട്രോളിംഗ് വാഹനങ്ങളും കണ്ട്രോൾറൂം വാഹനങ്ങളും സർപ്രൈസ് ചെക്കിംഗിന്റെ ഭാഗമായി പരിശോധന നടത്തി. 15 ഇൻസ്പെക്ടർമാരും 40 എസ്ഐമാരുമടക്കം 150 ഓളം പോലീസ് ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മദ്യപിച്ച് പിടിയിലായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെന്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചെന്നും, സ്കൂൾ കൂട്ടികളുടെ വാഹനങ്ങളിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തുടർന്നും അപ്രതീക്ഷിത പരിശോധന നടത്തുമെന്നും നിമയലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.