ഏരൂരിലെ പാമ്പ് കടിയേറ്റ് മരണം വിമര്‍ശനവുമായി എന്‍.കെ. പ്രേമചന്ദ്രന്
1493496
Wednesday, January 8, 2025 6:27 AM IST
അഞ്ചല്‍: ഏരൂര്‍ പഞ്ചായത്തിലെ തെക്കേവയല്‍ ഭാഗത്ത് പാമ്പ് കടിയേറ്റ് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ പഞ്ചായത്ത്, വനം വകുപ്പ് അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.കെ. പ്രേമചന്ദ്രന് എംപി.
പാമ്പ് കടിയേറ്റ് ഒരാള്‍ മരിച്ചതിന് ശേഷം പ്രദേശത്തെ കാട് വെട്ടി നീക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ചുമതലപ്പെടുത്തിയ വ്യക്തിയാണ് രണ്ടാമത് മരിച്ചത്. എന്നിട്ടും ഇതിന്റെ ഗൗരവം മനസിലാക്കി പ്രവത്തിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറായിട്ടില്ല. വനം വകുപ്പ് ഇപ്പോഴും നിസംഗത തുടരുകയാണ്.
മരിച്ചവരുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ ഒന്നും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാമ്പ് കടിയേറ്റ് മരിച്ച ഏരൂര്‍ സ്വദേശി സജുരാജിന്റെ വീട് സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു എംപി.
സജുരാജിന്റെ ഭാര്യക്ക് ജോലി നല്‍കുന്നത് സംബന്ധിച്ചു നടപടികൾ ഉണ്ടാക്കുമെന്നും സഹായങ്ങള്‍ വേഗത്തില്‍ എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എംപി ബന്ധുക്കള്‍ക്ക് ഉറപ്പ് നല്കി. പ്രദേശത്തെ യുഡിഎഫ് നേതാക്കളും എംപിക്കൊപ്പം സജുരാജിന്റെ വീട്ടില്‍ എത്തിയിരുന്നു.