അരിപ്പ ഭൂസമരത്തിന് 13 വയസ്
1493872
Thursday, January 9, 2025 6:33 AM IST
സമര വാർഷികം ആഘോഷമാക്കാന്‍ സമര സമിതി തീരുമാനം
പി. സനില്‍കുമാര്‍
അഞ്ചല്‍: കുളത്തൂപ്പുഴ പഞ്ചായത്തിലെ അതിര്‍ത്തി ഗ്രാമമായ അരിപ്പയില്‍ ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ ഭൂമി കൈയേറി നടത്തി വരുന്ന സമരം 13 വര്‍ഷം പിന്നിടുന്നു.
കുത്തക പാട്ട കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് തങ്ങള്‍കുഞ്ഞ് മുസലിയാരില്‍ നിന്ന് സര്‍ക്കാര്‍ തിരിച്ചുപിടിച്ച ഭൂമിയിലാണ് 2012 ല്‍ ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.
വി.എസ്. അച്യുതാനന്ദന്, കുമ്മനം രാജേശേഖരന്, സുരേഷ് ഗോപി ഉള്‍പ്പെടെ ഭരണ പ്രതിപക്ഷ ഭേദമെന്യേ രാഷ്ട്രീയ നേതാക്കള്‍ സമരഭൂമിയില്‍ സന്ദര്‍ശനം നടത്തുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജീവനോപാധി എന്ന നിലയില്‍ സമരഭൂമിയില്‍ നെല്‍കൃഷി ഉള്‍പ്പടെ സമര്‍ക്കാര്‍ കൃഷി ചെയ്തിരുന്നു.
അന്ന് എംഎല്‍എ ആയിരുന്ന കെ. രാജു നേരിട്ടെത്തിയാണ് നെല്‍കൃഷിക്ക് വിത്തുപാകിയത്. ഇവിടെ കൃഷി ചെയ്തുവന്ന നെല്ല് മരച്ചീനി, പയര്‍ ഉള്‍പ്പടെയുള്ള കൃഷി വിളകള്‍ പ്രദേശത്ത് വില്പന നടത്തിവരികയും ചെയ്തു.
എന്നാല്‍ സമര ഭൂമിയിലെ കൃഷിക്ക് പിന്നീട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതുവലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. സമരക്കാരും പ്രദേശവാസികളും തമ്മില്‍ പലതവണ സംഘര്‍ഷവും ഏറ്റുമുട്ടലും ഉണ്ടായി. സമരഭൂമിയില്‍ മരിച്ചവരുടെ മൃതദേഹം മറവ് ചെയ്യുന്നത് സംബന്ധിച്ച് വലിയ തര്‍ക്കവും സംഘര്‍ഷവും നടന്നു. അരിപ്പ ഭൂസമരം 13 വര്‍ഷം പിന്നിടുന്പോൾ നിരവധി ഒത്തുത്തീര്‍പ്പ് ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ ഒന്നും ഫലം കണ്ടില്ല.
പുനലൂര്‍ എംഎല്‍എ കെ. രാജു മന്ത്രിയായിരിക്കെ ചര്‍ച്ച ഒത്തുതീര്‍പ്പിന്റെ വാക്കോളമെത്തിയെങ്കിലും പിന്നീട് പരാജയപ്പെട്ടു. കഴിഞ്ഞ മാസം പി.എസ്. സുപാല്‍ എംഎല്‍എ മുന്‍കൈയെടുത്ത് മന്ത്രിമാരായ കെ. രാജന്, ജെ. ചിഞ്ചു റാണി എന്നിവരും ഉന്നത റവന്യൂ അധികൃതരും സമരസമിതി നേതാക്കളുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിന് സാഹചര്യമൊരുക്കി.
ഈ സാഹചര്യങ്ങൾ നിലനിൽക്കേയാണ് സമരത്തിന്റെ 13-ാം വാര്‍ഷികം രമേശ് ചെന്നിത്തലയെ ഉള്‍പ്പെടെ എത്തിച്ച് ആഘോഷമാക്കാന്‍ ആദിവാസി ദളിത് മുന്നേറ്റ സമിതി തീരുമാനിച്ചത്.
സിപിഎമ്മിന്റെ നേതൃത്വത്തില്‍ മറ്റൊരു ഭൂസമരം അരിപ്പയില്‍ നടന്നെങ്കിലും പിന്നീട് അവസാനിപ്പിച്ചു. അതേസമയം പ്രദേശവാസികളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന തദ്ദേശീയ ഭൂസമരം തുടരുകയാണ്.