വിഴിഞ്ഞം ഉൾപ്പടെയുള്ള പദ്ധതികൾ സമഗ്ര വികസനത്തിന് സഹായകമാകും: എസ്. സുദേവന്
1481155
Friday, November 22, 2024 6:56 AM IST
കൊല്ലം: നിര്‍ദിഷ്ട വിഴിഞ്ഞം, കൊല്ലം, പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ് കൊല്ലം ജില്ലയുടെ സമഗ്ര വികസനത്തിലേക്ക് നയിക്കാന്‍ ഉതകുന്ന പദ്ധതിയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവന് പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിന്റെ തെക്കന്‍ മേഖലയെ വ്യവസായിക സാമ്പത്തിക കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും വിധമാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
വിഴിഞ്ഞത്തു നിന്നു തുടങ്ങി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ 1,456 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതിയാണിത്.
തുറുമുഖം, ദേശീയപാതകള്‍, തീരദേശ മേഖല, കടല്‍, കായല്‍, മല്‍സ്യബന്ധനം, മലയോര മേഖല, ടൂറിസം തുടങ്ങിയ മേഖലകളെ ലക്ഷ്യമിട്ട് ജില്ലയുടെ വ്യാവസായിക, കാര്‍ഷിക, സാമ്പത്തിക മേഖലയില്‍ പുതിയ കുതിപ്പിന് വ്യവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ് വഴിവയ്ക്കും. ഇതുവഴി തുറന്നിടുന്ന സാധ്യതകള്‍ പുത്തന്‍ വികസനവും കൂടുതല്‍ തൊഴില്‍ അവസരങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിക്കാകും. പ്രാരംഭ ഘട്ടത്തിനായി കിഫ്ബിയില്‍ നിന്ന് 1000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
കൊല്ലം, നീണ്ടകര ഉള്‍പ്പെടെയുള്ള തീരദേശ പ്രദേശങ്ങള്‍ക്ക് സമുദ്രോത്പന്ന ഭക്ഷ്യ സംസ്കരണവും അതിന്റെ കയറ്റുമതിയും, പുനലൂരില്‍ ആയുര്‍വേദ മെഡിക്കല്‍ ടൂറിസം, സൗരോര്‍ജവും മറ്റ് പുനരുപയോഗ ഊര്‍ജ വ്യവസായ കേന്ദ്രങ്ങളും പദ്ധതിയില്‍ ഉള്കൊള്ളിച്ചത് ജില്ലയുടെ വന്‍വികസന കുതിപ്പിന് വഴിയൊരുക്കുമെന്നുംഅദ്ദേഹം പറഞ്ഞു.