ദൈവ വിശ്വാസം കാത്തുസൂക്ഷിക്കണം: കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ
1480793
Thursday, November 21, 2024 6:36 AM IST
അഞ്ചല്‍: തലമുറകളായി ഏറ്റുവാങ്ങിയ ദൈവ വിശ്വാസം കാത്തുസൂക്ഷിക്കണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. 24-ാമത് അഞ്ചല്‍ കണ്‍വന്‍ഷന്റെ സമാപന യോഗത്തില്‍ സന്ദേശം നല്‍കുകയായിരുന്നു കർദിനാൾ.
ഏത് പ്രതിസന്ധികളുടെ നടുവിലും ദൈവത്തോട് ചേര്‍ന്ന് നിന്നവരെ ദൈവവും ചേര്‍ത്ത് നിര്‍ത്തിയിട്ടുള്ളതായി കർദിനാൾ പറഞ്ഞു.
അഞ്ച് ദിവസമായി അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന കണ്വന്ഷന് സമാപിച്ചു. വൈകുന്നേരം വിശുദ്ധകുര്‍ബാനയോടെയാണ് യോഗം ആരംഭിച്ചത്. അഞ്ചല്‍ വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. അലക്സ് കളപ്പില, ഫാ. മാത്യു ചരിവുകാലായില്‍, ഫാ. ജിനോയി ചരുവിളയില്‍, ഫാ. ഗീവര്‍ഗീസ് മണിപ്പറമ്പില്‍, ഫാ. ഷോജി വെച്ചൂര്‍ കരോട്ട്, ഫാ. ജോഷ്വാ കൊച്ചുവിളയില്‍, ഫാ. റോണി മുരുപ്പേല്‍, ഫാ. ക്രിസ്റ്റി പാലവിള കിഴക്കേതില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ സമാപന യോഗത്തിന് നേതൃത്വം നല്കി. ജനറല്‍ കണ്‍വീനര്‍ ഡോ. കെ.വി. തോമസ് കുട്ടി, കണ്‍വീനര്‍ രാജന് ഏഴംകുളം എന്നിവര്‍ പ്രസംഗിച്ചു. മലങ്കര കത്തോലിക്കാ സഭ അഞ്ചല്‍ വൈദിക ജില്ലയിലെ 19 ഇടവകകള്‍ ചേര്‍ന്നാണ് അഞ്ചല്‍ കണ്വന്ഷന് നേതൃത്വം നല്‍കുന്നത്.