ഏരൂര്‍ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ പത്രിക സമർപ്പിച്ചു
1481122
Friday, November 22, 2024 6:37 AM IST
അഞ്ചല്‍: ഏരൂർ പഞ്ചായത്തിലെ ആലഞ്ചേരി വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് എല്‍ഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
എന്‍ഡിഎ സ്ഥാനാര്‍ഥി എം. ഷൈനിയാണ് ആദ്യം പത്രിക സമർപ്പിച്ചത്. പ്രവർത്തകർക്കും നേതാക്കൾക്കും ഒപ്പം ആലഞ്ചേരിയിൽ നിന്ന് പ്രകടനമായെത്തിയാണ് ഷൈനി പത്രിക സമർപ്പിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏതാനും വോട്ടുകൾക്ക് പരാജയപ്പെട്ട് രണ്ടാം സ്ഥാനത്ത് എത്തിയ താൻ വാർഡിൽ സജീവമായിരുന്നതായി ഷൈനി പറഞ്ഞു.
എൽഡിഎഫ് സ്ഥാനാര്‍ഥി എസ്.ആർ. മഞ്ജു ഏരൂരിൽ നിന്ന് പ്രകടനമായെത്തിയാണ് പത്രിക സമർപ്പിച്ചത്. എക്കാലവും എൽഡിഎഫിനൊപ്പം നിന്ന ആലഞ്ചേരി വാർഡ് ഇക്കുറിയും ഒപ്പം നിൽക്കുമെന്നും വിജയം ഉറപ്പാണെന്നും മഞ്ജു പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ഥി സുജ വിൽസനും നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം പ്രകടനമായെത്തി പത്രിക സമർപ്പിച്ചു. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി തീരുമാനമുണ്ടാകുമെന്ന് സുജാ വിൽസൺ പറഞ്ഞു. 23 നാണ് സൂക്ഷ്മ പരിശോധന. 25 ന് പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയാണ്.
പത്രിക സമർപ്പിച്ചതോടെ മുന്നണികൾ വാർഡ് തല കൺവൻഷൻ അടക്കം തീരുമാനിച്ച് പ്രചാരണ രംഗത്ത് സജീവമായിരിക്കുകയാണ്.