24x7 ഓൺ കോടതി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു
1480779
Thursday, November 21, 2024 6:36 AM IST
കൊല്ലം: കൊല്ലത്ത് ഇന്ന് 27x7 ഓൺ കോടതി പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക രീതിയിൽ സജ്ജീകരിച്ച കോടതിയിൽ അഡീഷണൽ ജില്ലാ ജഡ്ജ് പി.എൻ. വിനോദ് നാട മുറിച്ച് പ്രവേശിച്ചു.
കോടതിയുടെ ചുമതലയുള്ള ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് സൂര്യ സുകുമാരൻ ചാർജെടുത്ത് സിറ്റിംഗ് ആരംഭിച്ചു. കൊല്ലത്തെ ജുഡീഷ്യൽ ഓഫീസർമാർ, കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഓച്ചിറ.എൻ. അനിൽകുമാർ, സെക്രട്ടറി അഡ്വ എ.കെ. മനോജ്, അഭിഭാഷകർ, കോടതി ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് 138-ാം വകുപ്പ് പ്രകാരം ചെക്ക് പാസാകാതെ മടങ്ങുന്ന കുറ്റം സംബന്ധിച്ച കേസുകളാണ് ഈ കോടതിയിൽ ഫയൽ ചെയ്യുന്നത്.
തികച്ചും പേപ്പർ രഹിതമായ ഫയലിംഗാണ്. വെബ് സൈറ്റിൽ കയറി നിശ്ചിത ഫോം പൂരിപ്പിച്ച് രേഖകൾ അപ് ലോഡ് ചെയ്താണ് കേസ് ഫയൽ ചെയ്യുന്നത്. ഇന്നലെ കോടതിയിലെ ആദ്യത്തെ കേസ് അഡ്വ. ജി.വി. ആശ ഫയൽ ചെയ്തു. പൂർണമായും ഇന്റർനെറ്റ് നെറ്റ്വർക്കിംഗ് സൗകര്യങ്ങൾ ഉപയോഗിച്ചാണ് കോടതി പ്രവർത്തിക്കുന്നത്.
24 മണിക്കൂറും കേസുകൾ ഫയലാക്കാവുന്ന കോടതിയുടെ നടപടി വിവരങ്ങൾ ഏതു സമയത്തും പരിശോധിക്കാവുന്ന സംവിധാനമാണുള്ളത്. കക്ഷികൾക്കും അഭിഭാഷകർക്കും നേരിട്ട് ഹാജരാകാതെ ഓൺലൈനായി കേസ് നടത്താം. വേണമെങ്കിൽ നേരിട്ടും ഹാജരാകാവുന്ന ഹൈബ്രിഡ് മോഡിലാണ് കോടതി പ്രവർത്തിക്കുന്നത്.