എം.വി. ദേവൻ കലാഗ്രാമത്തിൽ നവം സാംസ്കാരിക ഉത്സവം ഇന്നുമുതൽ
1480791
Thursday, November 21, 2024 6:36 AM IST
കൊല്ലം: സിദ്ധാർഥ ഫൗണ്ടേഷന്റെ സാംസ്കാരിക വിഭാഗമായ എം.വി ദേവൻ കലാഗ്രാമത്തിൽ നവം സാംസ്കാരികോത്സവം ഇന്നുമുതൽ അരങ്ങേറും. 10 ദിവസം നീളുന്ന കലകളുടേയും സാഹിത്യത്തിന്റേയും സംസ്കാരത്തിന്റേയും സമ്മേളനത്തിനാണ് ഇന്ന് തിരിതെളിയുന്നത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ 400 ഓളം കലാകാരന്മാർ കലാപരിപാടികൾ അവതരിപ്പിക്കും. മന്ത്രിമാർ, എംഎൽഎമാർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ 300 വിശിഷ്ട വ്യക്തികളെ ആദരിക്കും. 200 ഓളം ദുരിതബാധിതർക്ക് സഹായം എത്തിക്കും. 1500 നവം സ്നേഹമുദ്ര കലകാരന്മാർക്ക് വിതരണം ചെയ്യും.
പടയണി, ചാക്യാർകൂത്ത്, തോൽപ്പാവക്കളി, ഓട്ടൻതുള്ളൽ, തെരുവ് മാജിക്ക്, നാടകം, കൈകൊട്ടിക്കളി, സൂപ്പർമാജിക് ഷോ എന്നിങ്ങനെ നാൽപതോളം കലാരൂപങ്ങൾ പത്ത് വേദികളിൽ അവതരിപ്പിക്കും. നൂറു കുടുംബശ്രീ വനിതകൾക്ക് ഫേബ്രിക് പെയിന്റിംഗ് പരിശീലനം, ജില്ലാ ചെസ് മത്സരം, തിരുവാതിര മത്സരം, കാർഷിക വ്യാവസായിക പ്രദർശനം, ശരീര സൗന്ദര്യ മത്സരം, മെഡിക്കൽ ക്യാമ്പ് തുടങ്ങി എല്ലാ വേദികളിലും പകലുകളെ ധന്യമാക്കുന്ന പരിപാടികൾ നടക്കും.
മന്ത്രി ജെ. ചിഞ്ചു റാണി ഇന്ന് രാവിലെ സാംസ്കാരിക ഉത്സവം ഉദ്ഘാടനം ചെയ്യും.
പി.സി വിഷ്ണുനാഥ് എംഎൽഎ, ഡോ.സുജിത്ത് വിജയൻ പിള്ള എംഎൽഎ, പി.കെ. ഗോപൻ, നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗിരിജ കുമാരി, കെ. ഉണ്ണികൃഷ്ണൻ, ബിരുജ നാസറുദീൻ, ജിഷ അനിൽ, കുളപ്പാടം ഫൈസൽ, കെ. നന്ദകുമാർ, കുരീപ്പുഴ ശ്രീകുമാർ, പുനലൂർ സോമരാജൻ തുടങ്ങിയവർ പങ്കെടുക്കും.