വയനാട് ദുരന്തം; കേന്ദ്ര സമീപനം കൊടുംക്രൂരത: മുല്ലക്കര രത്നാകരൻ
1481120
Friday, November 22, 2024 6:37 AM IST
കൊല്ലം: വയനാട് ദുരന്തത്തില്‍ കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന സമീപനം കൊടുംക്രൂരതയാണെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം മുല്ലക്കര രത്നാകരന്. വയനാട് ദുരന്തത്തില്‍ കേന്ദ്ര സമീപനത്തിന് എതിരേ സിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ വന്ന് കണ്ടു പോയെങ്കിലും അവർക്ക് കേരളത്തിന്റെ കണ്ണുനീരും സങ്കടവും കൊണ്ടുപോകാൻ കഴിഞ്ഞില്ല. വയനാടിനെ അവഗണിക്കുന്ന കേന്ദ്ര സമീപനത്തിനെതിരേ പൊതുജനം ഒറ്റക്കെട്ടായി അണിനിരക്കണം.
ദുരന്തം ഉണ്ടായിട്ട് മൂന്നര മാസം പിന്നിടുകയാണ്. ഇതുവരെ കേന്ദ്രസഹായം ഉണ്ടായിട്ടില്ല. കേരളത്തിന്റെ അവകാശം അംഗീകരിക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുള്ളപ്പോഴും അവഗണിക്കുന്നത് വ്യക്തമായ രാഷ്ട്രീയ താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണ്. തങ്ങൾക്ക് ഇഷ്ടപ്പെട്ട സംസ്ഥാനങ്ങൾക്ക് പണം വാരിക്കോരി കൊടുക്കുമ്പോഴും അർഹതപ്പെട്ട പണം പോലും കേരളത്തിന് നൽകാത്ത കേന്ദ്ര സമീപനം അങ്ങേയറ്റം ക്രൂരമാണെന്നും മുല്ലക്കര പറഞ്ഞു.
മാർച്ച് ടൗൺ ചുറ്റി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്പിൽ സമാപിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ എംഎൽഎ അധ്യക്ഷത വഹിച്ചു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.ആർ. ചന്ദ്രമോഹനൻ, ആര്. രാജേന്ദ്രന്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. സാം കെ. ഡാനിയേൽ, എഐടിയുസി ജില്ലാ സെക്രട്ടറി ജി. ബാബു എന്നിവർ പ്രസംഗിച്ചു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. ആർ. വിജയകുമാർ, ഹണി ബെഞ്ചമിൻ, അഡ്വ. ജി. ലാലു, അഡ്വ എസ്. വേണുഗോപാൽ, ആർ.എസ്. അനിൽ, ആർ. സജിലാൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി.