ലോകം പുസ്തക വായനയിലേക്ക് തിരിച്ചു വരുന്നു: എം. മുകുന്ദൻ
1481124
Friday, November 22, 2024 6:37 AM IST
കൊല്ലം: പുസ്തകങ്ങളേയും വായനയേയും തകർക്കാനാണ് ഫാസിസം ശ്രമിക്കുന്നതെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ പറഞ്ഞു. കേരളം ഫാസിസത്തെ പ്രതിരോധിച്ചത് വായനയിലൂടെയാണ്.
ഇന്ത്യയിലും ശക്തമാകുന്ന അത്തരം ശക്തികളെ പ്രതിരോധിക്കാൻ മിസൈലിനും പീരങ്കികൾക്കും പകരം വായനയ്ക്കും പുസ്തകങ്ങൾക്കും മാത്രമേ കഴിയൂവെന്നും വായന തുടരണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സാഹിത്യത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള 2022 ലെ ഐവി ദാസ് പുരസ്കാരം എൻ.എസ്. മാധവനിൽ നിന്ന് സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യമാധ്യമങ്ങളും സാങ്കേതികവിദ്യകളും ശക്തമായ കാലത്ത് പുസ്തക വായനയിലേക്ക് ലോകം മടങ്ങിയെത്തുന്ന വാർത്തകളാണ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പുതിയ പഠനങ്ങളിലൂടെ പുറത്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലൈബ്രറികൾ അപകടകരമായ സ്ഥലമാണെന്ന് ഭരണാധികാരികളും അധീശശക്തികളും കരുതിയിരുന്നതായി എൻ.എസ്. മാധവൻ പറഞ്ഞു. ഈജിപ്ത് ആക്രമിച്ചപ്പോൾ സീസർ അലക്സാൻഡ്രിയയിൽ വലിയ ലൈബ്രറി കത്തിച്ചു. നളന്ദാ സർവകലാശാലയിലെ വായനശാല മെഡിക്കൽ മേഖലയിൽ അന്ന് ലഭ്യമായിരുന്ന മികച്ച പുസ്തകങ്ങളാൽ സമ്പന്നമായിരുന്നു. വൈദേശികശക്തികൾ തീയിട്ട വായനശാല കത്തിത്തീരാൻ ആറുമാസമെടുത്തെന്നും അദ്ദേഹം പറഞ്ഞു.
സമഗ്ര സംഭവനയ്ക്കുള്ള 2023 ലെ ഐ.വി. ദാസ് സാഹിത്യ പുരസ്കാരം ഡോ. എം. ലീലാവതിക്കുവേണ്ടി മകന്റെ സുഹൃത്ത് ഏറ്റുവാങ്ങി. കടമ്മനിട്ട സാഹിത്യപുരസ്കാരം സിൻ എന്ന പുസ്തകമെഴുതിയ ആലപ്പാട് സ്വദേശിനി ഹരിതാ സാവിത്രിയും മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള അവാർഡ് പൊൻകുന്നം സെയ്ദും ഏറ്റുവാങ്ങി.
ഒരുലക്ഷം രൂപയും വെങ്കല ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഐവി ദാസ് പുരസ്കാരം. 75000 രൂപയും വെങ്കല ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കടമ്മനിട്ട പുരസ്കാരം. മികച്ച ഗ്രന്ഥശാലകൾക്കുള്ള പുരസ്കാരങ്ങളും വിതരണംചെയ്തു.
സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി. കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി.കെ. മധു, പുരസ്കാര നിർണയ സമിതി കൺവീനർ പി.കെ. ഗോപൻ, ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ജയൻ, സംസ്ഥാന നിർവാഹക സമിതി അംഗം എസ്. നാസർ, ജില്ലാ സെക്രട്ടറി ഡി. സുകേശൻ എന്നിവർ പ്രസംഗിച്ചു.