റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു
1480686
Wednesday, November 20, 2024 10:22 PM IST
കൊട്ടിയം: കൂട്ടുകാരിക്കൊപ്പം റെയിൽവെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ പ്ലസ് വൺ വിദ്യാഥിനി ട്രെയിൻ തട്ടി മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാഥിനിയെ റെയിൽ പ്ലാറ്റ് ഫോമിൽ നിൽക്കുകയായിരുന്ന പ്ലസ്ടു വിദ്യാർഥി സാഹസികമായി രക്ഷപെടുത്തി.
മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ചാത്തന്നൂർ കോയിപ്പാട് സ്കൂളിനു സമീപം പാലവിള വിളയിൽ വീട്ടിൽ അജിയുടെയും ലീജയുടെയും മകൾ ദേവനന്ദ (16) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന പ്ലസ് വൺ വിദ്യാർഥിനി കൊട്ടിയം സ്വദേശി ശ്രേയയാണ് രക്ഷപെട്ടത്. ട്രെയിൻ തട്ടിയ വിദ്യാർഥിനിയെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇന്നലെ വൈകിട്ട് നാലരയോടെ മയ്യനാട് റെയിൽവേ സ്റ്റേഷനിൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം.
ദേവനന്ദയും ശ്രേയയും സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനായി ബസിൽ കയറുന്നതിനായി മയ്യനാട് പണയിൽ മുക്കിൽ നിന്നും ഒന്നാം നമ്പർ റെയിൽവെ പ്ലാറ്റ്ഫോമിൽ കൂടി നടന്ന് വന്നു റെയിൽവേ ട്രാക്ക് മുറിച്ചു കടന്ന് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന് അടുത്തേക്ക് പോകുകയായിരുന്നു.
സംഭവമറിഞ്ഞ് ഇരവിപുരം പൊലീസുംആർപിഎഫും സ്ഥലത്തെത്തി ദേവനന്ദയുടെ മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. മാതാവ് വിദേശത്തായതിനാൽ ദേവനന്ദയും സഹോദരി ദേവപ്രിയയും അമ്മുമ്മയോടൊപ്പമായിരുന്നു താമസം.