ഇടതു സർക്കാരുകൾ അടിസ്ഥാന സൗകര്യമൊരുക്കി: പുത്തലത്ത് ദിനേശൻ
1481126
Friday, November 22, 2024 6:37 AM IST
ചവറ: നമ്മുടെ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ജീവിക്കാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കി നൽകിയത് എൽഡിഎഫ് സർക്കാരുകളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ.
സിപിഎം ചവറ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഇടപ്പള്ളിക്കോട്ടയിൽ ഒരുക്കിയ സീതാറാം യെച്ചൂരി നഗറിൽ പൊതസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മതനിരപേക്ഷത തകർക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ മുന്നോട്ട് പോകുകയാണ് കേന്ദ്രത്തിലെ ബിജെപി സർക്കാർ. ഇന്ത്യയുടെ ഫെഡറൽ സംവിധാനം ഇല്ലാതാക്കുന്ന നയങ്ങൾ ബിജെപി സ്വീകരിക്കുന്നു. ഇതിനെതിരേ കോടതിയിലും പുറത്തും പ്രതിരോധം തീർത്തത് ഇടതുപക്ഷമാണ്.
അതിനാൽ ഇടതുപക്ഷത്തെ ഉന്മൂലനം ചെയ്യുകയാണ് ബിജെപിയുടെ മുഖ്യ ലക്ഷ്യം. മതനിരപേക്ഷത ഉയർത്തി നിർത്തി വികസന മുന്നേറ്റങ്ങളുമായി രാജ്യത്തിന് മാതൃക തീർക്കുകയാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. ബിജെപിക്ക് നിയമസഭയിലും, പാർലമെന്റിലും വിജയിക്കാൻ വോട്ട് മറിച്ച് നൽകിയവരാണ് കോൺഗ്രസുകാർ. ബിജെപിക്ക് തൃശൂരിൽ പാർലമെന്റ് സീറ്റ് നേടാൻ വോട്ട് മറിച്ചതും കോൺഗ്രസാണ്.
എല്ലാ വർഗീയതയേയും പ്രതിരോധിച്ച് മുന്നോട്ട് പോകാൻ നമ്മുടെ നാടിന് കഴിയണം. രാജ്യത്തെ മതനിരപേക്ഷത തകർക്കുന്ന ബിജെപി നയങ്ങൾക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാന്നെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി. മനോഹരൻ അധ്യക്ഷനായി.
ഏരിയ സെക്രട്ടറി ആർ. രവീന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സൂസൻകോടി, എം.എച്ച് ഷാരിയർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ അനിരുദ്ധൻ, ജില്ലാ കമ്മിറ്റി അംഗം ജി. മുരളീധരൻ, സുജിത്ത് വിജയൻ പിള്ള എംഎൽഎ, മുതിർന്ന സിപിഎം നേതാവ് രാജമ്മ ഭാസ്ക്കരൻ, സംഘാടക സമിതി ചെയർമാൻ ആർ. സുരേന്ദ്രൻ പിള്ള, സെക്രട്ടറി എം.വി. പ്രസാദ് എന്നിവർ പ്രസംഗിച്ചു.
ചുവപ്പ് സേന പരേഡും ബഹുജന റാലിയും നടന്നു. വെറ്റമുക്കിൽ നിന്ന് ആരംഭിച്ച റാലി ഇടപ്പള്ളിക്കോട്ടയിൽ സമാപിച്ചു. പന്മന, വടക്കുംതല ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് റാലി നടന്നത്.