ഡോളറിന്റെ പേരിൽ ഓൺ ലൈൻ തട്ടിപ്പ്: ഒരാൾ അറസ്റ്റിലായി
1480777
Thursday, November 21, 2024 6:36 AM IST
ചാത്തന്നൂർ: ഡോളറിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ പ്രതികളിൽ ഒരാൾ പോലീസ് പിടിയിൽ. മലപ്പുറം വളാഞ്ചേരി കുളത്ത് വീട്ടിൽ സുബിനാണ് അറസ്റ്റിലായത്. വിവിധ കമ്പനികളുടെ സ്റ്റോക്ക് പർച്ചേസ് ചെയ്യുന്നതിന് ഇന്ത്യൻ കറൻസിക്ക് ആനുപാതികമായി യുഎസ് ഡോളർ അയച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് 71000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
യുഎസ്ഡിപി ബൈ ആന്‍ഡ് സെൽ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പരാതിക്കാരനെ ആഡ് ചെയ്താണ് തട്ടിപ്പ് നടത്തിയത്. പണം അയച്ചു നൽകിയശേഷം പരാതിക്കാരനു ഡോളറോ അതിന്റെ ലാഭമോ ലഭിച്ചില്ല.
കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കണ്ണനല്ലൂർ പോലീസ് ഇൻസ്പെക്ടർ രാജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് ഹുസൈൻ, വിഷ്ണുരാജ്, ഷാനവാസ്, പ്രജീഷ് എന്നിവരാണ് പ്രതിയെ മലപ്പുറത്ത് നിന്ന് പിടികൂടിയത്. പ്രതിയെ കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.