കുളത്തൂപ്പുഴ ജംഗ്ഷനിൽ വാഹന പാർക്കിംഗിന് ക്രമീകരണം
1480783
Thursday, November 21, 2024 6:36 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ജംഗ്ഷനിൽ വാഹനങ്ങൾ നിർത്തിയിടുന്നതിന് പഞ്ചായത്ത് അധികൃതർ താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തി. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലെ തീരുമാനം അനുസരിച്ച് നടപടി തുടങ്ങിയത് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ആണ്.
പോലീസ്, ആർടിഒ ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായികൾ, ഓട്ടോ തൊഴിലാളികൾ എന്നിവരുടെ സാന്നിധ്യത്തിൽ കുളത്തൂപ്പുഴയിൽ പാതയോരത്ത് വാഹനങ്ങൾ നിർത്തിയിടുന്നതിനുള്ള സ്ഥലം രേഖപ്പെടുത്തിയാണ് പരിഷ്കരണം ഏർപ്പെടുത്തിയത്. നടപ്പാതയിലേക്ക് കാൽനട യാത്രക്കാർക്ക് കയറാൻ ആകാത്ത വിധം വാഹനങ്ങൾ നിർത്തിയിടുന്നത് മൂലം വ്യാപാരികളും നാട്ടുകാരും പരാതി ഉന്നയിച്ചനെ തുടർന്നാണ് അധികൃതർ നടപടി എടുത്തത്.
ഒരുവശത്ത് മൂന്നടി അകലത്തിൽ ഇടപെട്ട് ഓട്ടോ നിർത്തിയിടാം, മറുവശത്ത് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാം. സെൻട്രൽ ജംഗ്ഷനിൽ ബസ് വേയിൽ യാത്രക്കാരെ കയറ്റാൻ മാത്രം ബസുകൾ നിർത്തുന്നതിലും സംഘം നിർദേശം നൽകി. സ്വകാര്യ വാഹനങ്ങളും വ്യാപാരികളുടെ വാഹനങ്ങളും തിരക്കൊഴിവാക്കി അകലെ നിർത്തി ഇടണം.
കാൽനടക്കാരുടെ സുരക്ഷയ്ക്കുവേണ്ടി പാതയോരത്ത് കൈവരി സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപ വകയിരുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാ ബീവി അറിയിച്ചു. കുളത്തുപ്പുഴ സബ് ഇൻസ്പെക്ടർ ഷാജഹാൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുമിത്ത്, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ നേതൃത്വം നൽകി.