കൊട്ടാരക്കര പുലമണിൽ സെൽഫി പോയിന്റും വിശ്രമകേന്ദ്രവും വരുന്നു
1480775
Thursday, November 21, 2024 6:36 AM IST
കൊട്ടാരക്കര: ദേശീയപാതയും എംസി റോഡും സംഗമിക്കുന്ന കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ സെൽഫി പോയിന്റും വിശ്രമ കേന്ദ്രവുമൊരുങ്ങും. നഗരസഭയുടെ നേതൃത്വത്തിലാണ് ഇവിടെ റോഡിനോട് ചേർന്ന് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് സൗകര്യങ്ങൾ സജ്ജമാക്കുക.
നാല് ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ നിർമാണ ജോലികൾ തുടങ്ങാനാകും. നഗരസൗന്ദര്യവത്കരണ പദ്ധതികളുടെ ഭാഗമായിട്ടാണ് പട്ടണത്തിന്റെ കണ്ണായ ഭാഗത്ത് സെൽഫി പോയിന്റ് സജ്ജമാക്കുക. കുറച്ച് ഇരിപ്പിടങ്ങളേ ഇവിടെ സജ്ജീകരിക്കാൻ കഴിയുകയുള്ളൂ.
എന്നാൽ തൊട്ടടുത്തായി പുലമൺ തോടിന് മുകളിലും മിനി പാർക്ക് വരുന്നതോടെ രണ്ടിടങ്ങളും ഉഷാറാകും.വളരെ കുറച്ച് സ്ഥലമാണ് പുലമൺ കവലയിൽ ശേഷിക്കുന്നത്. ഇവിടെ മനോഹരമായ സെൽഫി പോയിന്റ്, ഇരിപ്പിടങ്ങൾ, ലൈറ്റിംഗ്, അലങ്കാര കൗതുകങ്ങൾ, പൂച്ചെടികൾ എന്നിവയാണ് ഒരുക്കുക. കഥകളിയുമായി ബന്ധപ്പെട്ട ശില്പ-ചിത്ര ചാതുരിയുമുണ്ടാകും.
സായന്തനങ്ങളിൽ ഇവിടെ വിശ്രമിക്കാനായി കൂടുതൽ ആളുകളെത്തുമെന്നാണ് പ്രതീക്ഷ. പുലമൺ കവലയിൽ നിന്ന് നൂറുമീറ്റർ അകലത്തായി പുലമൺ തോടിന് മുകളിലും മിനി പാർക്ക് സ്ഥാപിക്കുന്നുണ്ട്. തോടിന്റെ നാഥൻ ഹോട്ടലിനോട് ചേരുന്ന വശത്താണ് നിർമാണം നടത്തുന്നത്. ഇരുവശങ്ങളും കോൺക്രീറ്റ് ഭിത്തികെട്ടി ബലപ്പെടുത്തും. നൂറ് മീറ്റർ ദൂരത്തിൽ മുകൾഭാഗം കോൺക്രീറ്റ് ചെയ്യും.
ഇവിടെയാണ് ഇരിപ്പിടങ്ങളും കളിക്കോപ്പുകളും അലങ്കാര കൗതുകങ്ങളുമൊക്കെ സ്ഥാപിച്ച് പാർക്ക് തയാറാക്കുക. രണ്ട് കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്.