വൈഎംസിഎ സബ് റീജൺ അരുത് ലഹരി -കാന്പയിൻ സമാപിച്ചു
1481153
Friday, November 22, 2024 6:54 AM IST
കൊട്ടാരക്കര: വൈഎംസിഎ പുനലൂർ സബ് റീജൺ, വാളകം മാർത്തോമ ഡി -അഡിക്ഷൻ സെന്റർ ആശ്വാസുമായി ചേർന്ന് മേഖലയിലെ വിവിധ കലാലയങ്ങളിൽ 'അരുത് ലഹരി' എന്ന പേരിൽ നടപ്പാക്കുന്ന ലഹരിവിരുദ്ധ കാന്പയിൻ സമാപിച്ചു.
ചിരട്ടക്കോണം മാർ ബസേലിയോസ് ഓഷ്യൻ സ്റ്റാർ പബ്ലിക് സ്കൂളിൽ നടന്ന സമാപന സമ്മേളനം വൈഎംസിഎ അഖിലേന്ത്യാ മുൻ നിർവാഹക സമിതി അംഗം കെ.ഒ. രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു.
ജീവിതത്തിന്റെ പരമമായ ലക്ഷ്യങ്ങളുടേയും സ്വപ്നങ്ങളുടേയും ഗതി തെറ്റിക്കുന്ന ലഹരിമരുന്നുകളിൽ നിന്നു രക്ഷപ്പെടാനുള്ള ശക്തമായ ആയുധം സ്വയം പ്രതിരോധമാണെന്നും അന്ധകാരത്തിലേക്ക് പതിക്കുന്ന യുവത്വത്തെ നേരായ പാതയിൽ നയിക്കാൻ സർക്കാർ ഏജൻസികളോടൊപ്പം സാമൂഹ്യ സംഘടനകൾക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സബ് റീജിയൻ ചെയർമാൻ ഡോ. ഏബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു. വാളകം ആശ്വാസ് ഡയറക്ടർ റവ. ജിനു ഏബ്രഹാം വിഷയാവതരണം നടത്തി.
സിസ്റ്റർ. ആൻസി ജോസഫ് ലഹരി വിരുദ്ധ സന്ദേശം നൽകി. ജനറൽ കൺവീനർ ഷിബു കെ. ജോർജ്, മുൻ വൈസ് ചെയർമാൻ മാത്യു വർഗീസ്, തലച്ചിറ വൈഎംസി പ്രസിഡന്റ് പി.ഒ. ജോൺ, ജിയോ തലച്ചിറ, എൻ.എ. ജോർജുകുട്ടി, സാനു ജോർജ് എന്നിവർ പ്രസംഗിച്ചു.